Your Image Description Your Image Description

കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും യൂണിസെഫിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വിം സേഫ് പദ്ധതിയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീന്തൽ പരിശീലനത്തിലൂടെ നമ്മള്‍ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.
നീന്തല്‍ പഠിച്ചാൽ അവശ്യഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കാന്‍ കഴിയും. ജലസുരക്ഷാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മുമ്പൊരിക്കലും ഇത്ര നിര്‍ണായകമായിട്ടില്ല. അമ്പലത്തറ യു.പി സ്‌കൂളിലും പൂജപ്പുര യു.പി സ്‌കൂളിലും നടത്തിയ സ്വിം സേഫ് പ്രോഗ്രാം  വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.

നീന്തലും ജലസുരക്ഷയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വിശാലവും പ്രവര്‍ത്തനപരവുമായ വീക്ഷണത്തോടെയാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേമം മണ്ഡലത്തിലെ നെടുങ്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍ കുളത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി  അറിയിച്ചു.

ദി ജോര്‍ജ് ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്, റോയല്‍ ലൈഫ് സേവിംഗ് എന്നിവയുടെ നേതൃത്വത്തിലാണ് അമ്പലത്തറ യുപി സ്‌കൂള്‍, പൂജപ്പുര യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ 300 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. നീന്തല്‍ക്കുള നിര്‍മാണത്തിനും പരിശീലനത്തിനുമായി 10 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.

സ്‌കൂള്‍ തല സംരംഭങ്ങള്‍ക്കപ്പുറം, നീന്തല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജല സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കിവരികയാണ്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബീറ്റ്‌സ് പദ്ധതി, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കും ശാസ്ത്രീയ നീന്തല്‍ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക പദ്ധതികളില്‍ നൂതന നീന്തല്‍ പരിശീലന പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.

അമ്പലത്തറ യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ദി ജോര്‍ജ് ഇന്‍സ്റ്റിറ്റിയുട്ട് പ്രതിനിധി ജഗ്‌നൂര്‍, ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രതിനിധി സിലൈ സാക്കി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അശ്വതി ആര്‍. കെ. എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *