Your Image Description Your Image Description

മലപ്പുറം: വേനൽ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പത്ത് ദിവസത്തിനിടെ 140 പേർക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. സമീപമാസങ്ങളിലെ ഉയർന്ന നിരക്കാണിത്. ജില്ലയിൽ ഈ വർഷം 626 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോൾ ഒരുമരണമുണ്ടായി. സംസ്ഥാനത്ത് ഇക്കാലയളവിൽ ആകെ 2148 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണമാണ് ഇതെങ്കിൽ സ്വകാര്യ ക്ലിനിക്കുകളിലും മറ്റ് ചികിത്സാ മേഖലകളെയും ആശ്രയിച്ചവരുടെ എണ്ണം കൂടിയെടുത്താൽ ഇരട്ടിയിലധികം വരും.

വേനൽ കടുക്കും മുമ്പെ തന്നെ ജില്ലയിൽ ഗ്രാമ,​നഗര വ്യത്യാസമില്ലാതെ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ശുദ്ധജലത്തിന്റെ അഭാവം മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് തന്നെ മഞ്ഞപ്പിത്തം ഏറ്റവും വേഗത്തിൽ പടരുന്നത് മലപ്പുറത്ത് ആണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 15നും 40 വയസിനും ഇടയിലുള്ളവർക്കാണ് രോഗബാധ കൂടുതലും. രോഗം ബാധിച്ചവർ വീടുകളിൽ പുല‌ർത്തേണ്ട നിയന്ത്രണങ്ങൾ പാലിക്കാത്തത് മൂലം രോഗപ്പകർച്ചയിലൂടെയുള്ള സെക്കൻഡറി കേസുകളും കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *