Your Image Description Your Image Description

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ മെമ്പറേയും സഹായിയേയും പോലീസ് പൊക്കി , ഇവർ ബിജെപിക്കാരാണ് . ബിജെപി അംഗവും മഹിള മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപിയും ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോനുമാണ് പോലീസ് പിടിയിലായത് .

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി , രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കടച്ചു . ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്തു വിട്ടതിനു ശേഷം തിരികെ വരുന്നതിനിടെ വഴിയിൽ വച്ചാണ് പേഴ്സ് നഷ്ടപ്പെട്ടത്.

ഓട്ടോ ഡ്രൈവറായ സലിഷിന് വിനോദിന്റെ പേഴ്സ് ലഭിച്ചു . തുടർന്ന് പേഴ്സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. ഇരുവരും ചേർന്ന് പിറ്റേദിവസം രാവിലെ ആറുമണിക്കും എട്ടുമണിക്കുമിടയിൽ ബുധനുർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിച്ചു . എടിഎം കാർഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ തുക പിൻവലിച്ചത്.

തുക പിൻവലിച്ചതിന്റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി . എടിഎം കാർഡ് പിന്നീട് കല്ലിശ്ശേരി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള റോഡിൽനിന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുജന്യയും സലിഷും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ വിവരങ്ങൾ ലഭിച്ചു. എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള സ്ഥപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു ഇരുവരും ചേർന്നാണ് എടിഎമ്മിൽനിന്നു പണം പിൻവലിച്ചതെന്നു കണ്ടെത്തി. വൈകാതെ ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *