Your Image Description Your Image Description

ന്യൂയോര്‍ക്ക്: അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ ഒൻപത് മാസത്തോളം കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും മണിക്കൂറുകള്‍ക്കകം ഭൂമിയില്‍ തിരിച്ചെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27 ഓടേ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം ഭൂമിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നാസ നൽകുന്ന വിവരം. സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ ദിവസം ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് യാത്രികര്‍ക്കൊപ്പമാണ് തിരിച്ചെത്തുന്നത്.

അതിനിടെ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ച് എത്തുമ്പോള്‍ അവരുടെ ആരോഗ്യം എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള ആശങ്കകളും ചർച്ചയായിട്ടുണ്ട്. ഏറെനാള്‍ ബഹിരാകാശത്ത് കഴിഞ്ഞ ഇരുവരും ഭൂമിയില്‍ എത്തുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭൂമിയിലേക്ക് എത്തുമ്പോൾ ശരീരത്തിന് പൊരുത്തപ്പെടാൻ സമയമെടുത്തേക്കും. ചെറിയ ഭാരം പോലും ഉയർത്താൻ ഇവർ അത്യധികം പ്രയാസപ്പെടേണ്ടി വരും. ഇരുവരും തിരിച്ചെത്തുമ്പോൾ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് നാസയുടെ മുൻ ബഹിരാകാശയാത്രികൻ ലെറോയ് ചിയാവോ ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശത്ത് ശരീരത്തിന് ഭാരം അനുഭവപ്പെടാത്ത അവസ്ഥയായിരുന്നതിനാൽ ഭൂമിയിലെത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ പോലും ആദ്യം മുതൽ പഠിപ്പിച്ചെടുക്കേണ്ടി വരുമെന്നും നിഗമനങ്ങളുണ്ട്.

ബഹിരാകാശ യാത്രികര്‍ക്ക് അനുഭവപ്പെടുന്ന മൈക്രോഗ്രാവിറ്റി മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. കാരണം ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം അവര്‍ക്ക് അവിടെ അനുഭവപ്പെടുന്നില്ല. പേശികളുടെ ക്ഷയവും അസ്ഥികളുടെ സാന്ദ്രത കുറയുന്നതും പ്രാഥമിക ഫലങ്ങളില്‍ ഒന്നാണ്. പേശികളും അസ്ഥികളും ദുര്‍ബലമാകുന്നു. ഇത് ഒടിവുകള്‍ക്കും മറ്റ് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ദ്രാവകങ്ങള്‍ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് നീങ്ങുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം അനുഭവപ്പെടാന്‍ കാരണമാകാം. ഇത് മുഖത്ത് വീക്കത്തിനും കണ്ണുകളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിനും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

രോഗപ്രതിരോധ സംവിധാനത്തിലും മൈക്രോഗ്രാവിറ്റി സ്വാധീനം ചെലുത്തുന്നുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക് അണുബാധകള്‍ ഏൽക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഇയര്‍ ബാലന്‍സിനും തകരാര്‍ സംഭവിക്കാം. കൂടാതെ, ഇവരുടെ മാനസികാരോഗ്യത്തെയും ബാധിച്ചെന്നും വരാം. ദീര്‍ഘനേരം മൈക്രോഗ്രാവിറ്റിക്ക് വിധേയമാകുന്നത് ദ്രാവക വ്യതിയാനങ്ങള്‍ക്കും, തലവേദന, കാഴ്ച വൈകല്യങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്കും കാരണമാകാം. ഗുരുത്വാകര്‍ഷണ ബലത്തിന്റെ അഭാവം നാഡീ ബന്ധത്തെ ബാധിക്കാം. മസ്തിഷ്‌കം മാറിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നു. പക്ഷേ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോള്‍ ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട റീഅഡാപ്‌റ്റേഷന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന സുനിത വില്യംസും ബുച്ച് വില്‍മോറും സ്‌പേസ് എക്‌സ് ഡ്രാഗണ്‍ വാഹനത്തിൽ ഇന്ന് രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു. ഇവരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ടു വരുന്നതിന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘത്തിലെ രണ്ടു പേര്‍ക്കൊപ്പമാണ് ഇരുവരുടെയും തിരിച്ചുള്ള യാത്ര. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ പേടകത്തെ സുരക്ഷിതമായി ഇറക്കാനാണ് നാസയുടെ പദ്ധതി. ഒമ്പത് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും ഭൂമിയിലേക്ക് പുറപ്പെട്ടത്.

എട്ടു ദിവസത്തെ ദൗത്യവുമായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇരുവരുടെയും തിരിച്ചുപോക്ക് പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാണ് പേടകം ഭൂമിയില്‍ ഇറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോടു ചേര്‍ന്ന കടലിലായിരിക്കും പേടകം ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *