Your Image Description Your Image Description

കോയമ്പത്തൂർ: ലഹരി മരുന്ന് കൈമാറ്റത്തിനിടെ പോലീസിനെ കണ്ട യുവാക്കൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഫ്ലൈഓവറിൽ നിന്ന് താഴെ വീണ് യുവാക്കൾക്ക് പരിക്ക്. കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ കൈമാറുന്നതിനിടെയാണ് യുവാക്കൾ പൊലീസിനെ കണ്ടത്. രക്ഷപ്പെടാൻ ബൈക്കെടുക്കവെ നിയന്ത്രണം വിട്ട് താഴെ വീഴുകയായിരുന്നു. കോയമ്പത്തൂരിലെ ചെട്ടിപ്പാളയത്തിലായിരുന്നു സംഭവം.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നര കിലോഗ്രാം കഞ്ചാവും മൂന്ന് ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തു.

രാമനാഥപുരം സ്വദേശികളായ ദീപൻരാജ് (23), എൻ ഹൃത്വിക് റോഷൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പൊലീസ് ചെട്ടിപ്പാളയം ജെജെ നഗറിലെ ഫ്ലൈ ഓവറിൽ എത്തുകയായിരുന്നു. യാദൃശ്ചികമായി പൊലീസിനെ കണ്ട രണ്ട് യുവാക്കൾ പെട്ടെന്ന് ബൈക്കുമെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ പെട്ടെന്ന് ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ദീപൻരാജിന്റെ വലതു കാലിനും റോഷന്റെ വലത് കൈയ്ക്കും പൊട്ടലുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫിറ്റമിനും പിടികൂടിയത്.

ഇരുവരും കോയമ്പത്തൂർ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവും സിന്തറ്റിക് മയക്കു മരുന്നുകളും എത്തിച്ചുവരികയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ചെട്ടിപ്പാളയം, പേരൂർ, ശരവണംപട്ടി എന്നിവ ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണ കേസുകളുമുണ്ട്. യുവാക്കളിൽ നിന്ന് ലഹരി കടത്ത് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ശേഖരിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *