Your Image Description Your Image Description

ആലപ്പുഴ : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി 2024 ഏപ്രില്‍ മുതൽ ഇതുവരെ ജില്ലയിലെ വിവിധ മാലിന്യ സംസ്ക്കരണ നിയമ ലംഘനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്‌ക്വാഡുകൾ 43,48,329 രൂപ പിഴ ചുമത്തി നോട്ടീസ് നൽകുകയും 1937372 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ജില്ലയിൽ ഈ കാലയളവിൽ 2062 പരിശോധനകളാണ് നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എൽ എസ് ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടർ എസ് ശ്രീകുമാർ പറഞ്ഞു.

മാർച്ച് 30 നുള്ളിൽ സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാ തലത്തിലും ഇന്‍റേണല്‍ വിജിലൻസ് ഓഫീസർ തലത്തിലും എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ക്വാഡുകൾ ജില്ലയിലുടനീളം സർക്കാർ സ്ഥാപനങ്ങൾ, വ്യവസായശാലകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ അടക്കം പരിശോധനകൾ നടത്തിവരികയാണ്. കരിയില അടക്കമുള്ള പാഴ് വസ്തുക്കൾ കത്തിക്കുന്നതും സ്ഥാപനങ്ങളും വീടും പരിസരവും വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതും കൈവശം വയ്ക്കുന്നതും, ജലാശയങ്ങളിൽ മാലിന്യം
നിക്ഷേപിക്കുന്നതും കണ്ടെത്തിയല്‍ പിഴ ചുമത്തും.

മാലിന്യ നിക്ഷേപമോ മാലിന്യകേന്ദ്രമോ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാൻ 9446700800 എന്ന വാട്സ് ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മാലിന്യ സംസ്ക്കരണ നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രം സഹിതം ഈ വാട്സ് ആപ്പ് നമ്പരിലേക്ക് അയച്ചാല്‍ സമ്മാനം ലഭിക്കുമെന്നും മാലിന്യമുക്തപൊതുവിടങ്ങൾ സൃഷ്ടിക്കുന്നതിന് കാരണക്കാരാകാന്‍ ഇതിലൂടെ ഓരോ പൗരനും സാധിക്കുമെന്നും എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *