Your Image Description Your Image Description

മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. എമ്പുരാന്‍ എന്ന സിനിമ വിജയിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമാണ് എന്ന് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. ഔസേപ്പിന്റെ ഒസ്യത്ത് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്ര വലിയ ബജറ്റില്‍, ഇത്രയേറെ പ്രതീക്ഷകളോടെ വരുന്ന സിനിമ എന്നതിനാല്‍ എമ്പുരാന്‍ വിജയിക്കേണ്ടത് ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്, നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ നാളെ എനിക്ക് വലിയൊരു സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ നിലവിലുള്ള വലിയ സിനിമകള്‍ വിജയിക്കേണ്ട ആവശ്യകതയുണ്ട്. തീര്‍ച്ചയായും ആ സിനിമ വിജയിക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

അതേസമയം മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *