Your Image Description Your Image Description

ആശാവർക്കർമാരുടെ സമരപ്പന്തലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വീണ്ടുമെത്തി. രാവിലെ ഭാര്യ രാധികയ്‌ക്കൊപ്പം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവേയാണ് സുരേഷ് ഗോപി സമരപ്പന്തലിൽ ഇറങ്ങിയത്.

‘‘എന്റെ വഴി വേറെയാണ്. ആശാ വർ‌ക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല, മന്ത്രിയായല്ല, എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയതിനാലാണ് . എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്.’നിങ്ങൾ സിക്കിമിനെയും ആന്ധ്രപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ.

വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല. സമയമെടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, അവർ പറഞ്ഞയുടൻ എടുത്തുകൊടുക്കാൻ പറ്റില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. രാഷ്ട്രീയക്കലർപ്പില്ലാതെയാണ് വിഷയം കേന്ദ്രത്തിൽ അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു .

നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ പൊങ്കാലയിട്ടാണ് പ്രതിഷേധിക്കുന്നത്. പൊങ്കാല ഇടാനുള്ള കിറ്റ് സുരേഷ് ഗോപി എത്തിക്കും. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് അത് ഇവിടെ എത്തുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഒരു മാസത്തോളമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കു കുടിശികയൊന്നും നൽകാനില്ലെന്നു ഇന്നലെ കേന്ദ്രമന്ത്രി ജെ പി നന്ദ പറഞ്ഞിരുന്നു . കേരളത്തിനുള്ള എല്ലാ കുടിശികയും നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

‘‘ആശാ പ്രവർത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ അവർക്കു പങ്കുണ്ട്. ഒരാഴ്ച മുൻപ് ആശാ വർക്കർമാരുടെ പ്രവർത്തനത്തെപ്പറ്റി ചർച്ച നടന്നിരുന്നു. കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നൽകിയിട്ടുണ്ട്. എന്നാൽ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തിരികെ കേരള സർക്കാർ നൽകിയിട്ടില്ലന്നും ’’നഡ്ഡ പറഞ്ഞു. സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ നഡ്ഡ മറുപടി നൽകിയത്.

നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അവകാശലംഘന നോട്ടിസ് നൽകുമെന്നും സന്തോഷ് കുമാർ പ്രതികരിച്ചു. 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ ദുരവസ്ഥയും സമരവും കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു.
സഭയ്ക്കു പുറത്തു പ്രതിഷേധിക്കുകയും ചെയ്തു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നാണു മന്ത്രി വീണാ ജോര്‍ജും സിപിഎമ്മും അവകാശപ്പെടുന്നത്. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപയും നല്‍കുന്നതു സംസ്ഥാന സര്‍ക്കാരാണെന്നും വീണ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *