Your Image Description Your Image Description

തെലങ്കാന: ഹൈദരാബാദിലെ തെലങ്കാനയില്‍ എടിഎം കവര്‍ച്ച നടത്തിയത് നാല് മിനിറ്റുകള്‍ക്കകം. എടിഎം മെഷീന്‍ തകര്‍ത്ത് 30 ലക്ഷത്തോളം രൂപയാണ് സംഘം കവർന്നത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐ എടിഎമ്മിലാണ് വന്‍കവര്‍ച്ച നടന്നത്. എടിഎം മുറിയ്ക്കുള്ളില്‍ വെച്ചിരുന്ന കാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച 1.56നായിരുന്നു സംഭവം.

നാല് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം അകത്ത് കയറും മുമ്പ് മുറിയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ എന്തോ വസ്തു സ്‌പ്രേ ചെയ്തു. ശേഷം എമര്‍ജന്‍സി സൈറണ്‍ മുഴങ്ങാന്‍ സ്ഥാപിച്ചിരുന്ന വയറുകള്‍ കട്ട് ചെയ്തു. എന്നാല്‍ കൗണ്ടറിനുള്ളിലുണ്ടായിരുന്ന സിസിടിവി കാമറ മറച്ചിരുന്നില്ല. ഈ ക്യാമറയിലാണ് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് എടിഎം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇരുമ്പ് ദണ്ഡുകളും ഗ്യാസ് കട്ടറുമായി മൂന്ന് പേര്‍ മുറിയ്ക്ക് അകത്ത് കടന്നപ്പോള്‍ ഒരാള്‍ പുറത്ത് കാവല്‍ നിന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിച്ചുമാറ്റി. രണ്ട് മണിയോടെ സംഘം 29.69 ലക്ഷം രൂപയുമായി സ്ഥലം വിട്ടു. എടിഎമ്മിന്റെ ഷട്ടര്‍ കൂടി അടച്ചാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്.

മോഷണ സംഘം സഞ്ചരിച്ച കാര്‍ പല സ്ഥലങ്ങളിലൂടെ കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മെഷീന്‍ കുത്തിത്തുറന്ന് പണം എടുക്കുന്നതിനുള്ള എല്ലാ സന്നാഹങ്ങളുമായാണ് ഇവര്‍ എത്തിയത്. ഹരിയാനയില്‍ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തെലങ്കാനയിൽ എടിഎം കവർച്ച കൂടി വരുന്നതായി അധികൃതർ പറഞ്ഞു. ഹരിയാനയിലെ മറ്റൊരു എടിഎം കവർച്ചയ്ക്കിടെ മോഷ്ടാക്കൾ എമര്‍ജന്‍സി സൈറണ്‍ മുഴങ്ങാന്‍ സ്ഥാപിച്ചിരുന്ന വയറുകൾ മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ‘ഇതേ സംഘമാണ് ബെംഗളുരുവിലും തമിഴ്‌നാട്ടിലെ ഹൊസൂരിലും എടിഎം മോഷണം നടത്തിയതെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് കരണമുണ്ടെന്ന്’, പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *