Your Image Description Your Image Description

തിങ്കിങ് മെഷീന്‍സ് ലാബ് എന്ന പേരില്‍ പുതിയ എഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ട് മുന്‍ ഓപ്പണ്‍ എഐ മേധാവി മിറ മുറാട്ടി. ഓപ്പണ്‍ എഐ, മെറ്റ, മിസ്ട്രല്‍ ഉള്‍പ്പടെ എതിരാളികളായ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും ഗവേഷകരും അടങ്ങുന്ന സംഘത്തെയാണ് തിങ്കിങ് മെഷീന്‍സ് ലാബിനായി മിറ മുറാട്ടി ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും മനസിലാക്കാവുന്നതും, കസ്റ്റമൈസ് ചെയ്യാനാവുന്നതും പൊതുവായ കഴിവുകളുമുള്ള എഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 18 ന് കമ്പനി പങ്കുവെച്ച ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ എഐ സംവിധാനങ്ങളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതുമായി ബന്ധപ്പെട്ട അറിവുകള്‍ മുന്‍നിര ഗവേഷണ ലാബുകളില്‍ മാത്രം ഒതുങ്ങുകയാണ്. അത് എഐയുമായി ബന്ധപ്പെട്ട പൊതു സംവാദങ്ങള്‍ക്കും എഐയുടെ ഫലപ്രദമായ ഉപയോഗത്തിനും തടസമാകുന്നുവെന്ന് തിങ്കിങ് മെഷീന്‍സ് ലാബ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരുന്നു. മാനുഷിക മൂല്യങ്ങള്‍ ഉള്‍പെടുത്തി സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ എഐ സംവിധാനങ്ങള്‍ നിര്‍മിക്കാനാണ് തിങ്കിങ് മെഷീന്‍സ് ലാബ് ലക്ഷ്യമിടുന്നതെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

അതുപോലെ മുറാട്ടി ഓപ്പണ്‍ എഐയില്‍ നിന്ന് രാജിവെച്ച അതേ ദിവസം തന്നെ ഓപ്പണ്‍ എഐയില്‍ നിന്ന് പോയ ബാരറ്റ് സോഫ് എന്ന എഐ ഗവേഷകനും അതില്‍ ഉള്‍പെടുന്നു. സോഫ് ആണ് തിങ്കിങ് മെഷീന്‍സ് ലാബിന്റെ ടെക്‌നോളജി മേധാവി. മുറാട്ടി ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനായ ജോണ്‍ ഷുള്‍മാന്‍ ആണ് തിങ്കിങ് മെഷീന്‍സ് ലാബിന്റെ ചീഫ് സൈന്റിസ്റ്റ്. കൂടുതല്‍ ഓപ്പണ്‍ എഐ ജീവനക്കാര്‍ തിങ്കിങ് മെഷീന്‍സ് ലാബിലേക്ക് പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ കമ്പനി.

മിറ മുറാട്ടിയാണ് തിങ്കിങ് മെഷീന്‍സ് ലാബിന്റെ സിഇഒ. 2018 ലാണ് മിറ മിറാട്ടി ഓപ്പണ്‍ എഐയില്‍ ചേര്‍ന്നത്. ചാറ്റ് ജിപിടിയുടെ നിര്‍മാണ ജോലികളില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഇവര്‍. സാം ആള്‍ട്ട്മാന്‍ അപ്രതീക്ഷിതമായി ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയം മിറ മുറാട്ടിയായിരുന്നു ഓപ്പണ്‍ എഐയുടെ ഇടക്കാല മേധാവി. അതുവരെ ഓപ്പണ്‍ എഐയിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയിരുന്നു മുറാട്ടി. ഓപ്പണ്‍ എഐയ്ക്ക് മുമ്പ് ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ ലീപ് മോഷന്‍, ടെസ്ല തുടങ്ങിയ സ്ഥാപനങ്ങളിലും മുറാട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *