Your Image Description Your Image Description

ഡൽഹി: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾക്ക് സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും സഞ്ചാര്‍ സാഥി ആപ്പ് വഴി ഇനി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്.

മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് അറിയാനും അത് ബ്ലോക്ക് ചെയ്യാനും കഴിയും. സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്‍. സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *