Your Image Description Your Image Description

വാഴ്‌സ: മനുഷ്യചലനങ്ങളെ അനുകരിക്കുന്ന മനുഷ്യനെപ്പോലെ പെരുമാറാൻ ശ്രമിക്കുന്ന മനുഷ്യസമാനമായ ഹ്യൂമനോയിഡ് റോബോട്ട്. അസ്ഥികൂടവും അതിനു പുറമേ പേശികളുമുള്ള റോബോട്ടിനെ അവതരിപ്പിച്ച് ക്ലോൺ റോബോട്ടിക്‌സ് എന്ന റോബോട്ടിക് കമ്പനി. പോളിഷ് സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലോൺ റോബോട്ടിക്‌സ് ഈ ഹ്യൂമനോയിഡ് റോബോട്ടി​ന്റെ വിചിത്രവും ഭയാനകവുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മറ്റേതൊരു ഹ്യൂമനോയിഡ് റോബോട്ടിനേക്കാളും മനുഷ്യസമാനമായതും മനുഷ്യചലനങ്ങളെ അനുകരിക്കുന്നതുമായ ആൻഡ്രോയിഡുകളാണ് ക്ലോൺ റോബോട്ടിക്‌സിലെ എഞ്ചിനീയർമാർ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ക്ലോൺ റോബോട്ടിക്സ് അവരുടെ അത്യാധുനിക റോബോട്ടായ ‘പ്രോട്ടോക്ലോണിന്റെ’ അമ്പരപ്പിക്കുന്ന ചില വീഡിയോ ദൃശ്യങ്ങൾ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ വീഡിയോയിൽ, റോബോട്ട് സീലിംഗിൽ തൂങ്ങിക്കിടക്കുന്നതും അതിന്‍റെ കൈകളും കാലുകളും മനുഷ്യരെപ്പോലെ ചലിപ്പിക്കുന്നതും കാണാം. ഒപ്പം തോളുകൾ കുലുക്കുന്നതും മുഷ്‍ടി ചുരുട്ടുന്നതും ഈ വീഡിയോയിൽ കാണാം. ഈ റോബോട്ട് എല്ലാ ജോലികളും ഒരു മനുഷ്യനെപ്പോലെ തന്നെയാണ് ചെയ്യുന്നത്.

2021-ൽ പോളണ്ടിൽ സ്ഥാപിതമായ സ്റ്റാർട്ടപ്പാണ് ക്ലോൺ റോബോട്ടിക്സ്. ഭൗതിക ഘടനയിലും ചലനത്തിലും മനുഷ്യരുമായി എല്ലാ കാര്യങ്ങളിലും പൊരുത്തപ്പെടുന്ന ഒരു റോബോട്ട് നിർമ്മിക്കുക എന്നതാണ് ക്ലോൺ റോബോട്ടിക്‌സിന്‍റെ ലക്ഷ്യം. വീഡിയോയിൽ കാണിച്ചിരിക്കുന്ന ‘പ്രോട്ടോക്ലോൺ’ കമ്പനിയുടെ ആദ്യത്തെ പേശി അധിഷ്ഠിത ആൻഡ്രോയിഡ് ആണ്. അതിൽ ഒരു പ്രത്യേക തരം ‘മയോഫൈബർ’ പേശി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. കൃത്രിമ ലിഗമെന്‍റുകളും ബന്ധിപ്പിക്കുന്ന വസ്തുക്കളും ഉപയോഗിച്ച് ഈ പേശികളെ റോബോട്ടിന്‍റെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പ്രോട്ടോക്ലോൺ റോബോട്ടിന് മനുഷ്യനെപ്പോലെയുള്ള ഒരു അസ്ഥികൂടമുണ്ടെന്ന് ക്ലോൺ റോബോട്ടിക്സ് പറയുന്നു. ഇത് റോബോട്ടിന്‍റെ കൈകാലുകൾ സ്വാഭാവികമായി ചലിപ്പിക്കാൻ അനുവദിക്കുന്നു. ഈ റോബോട്ടിനുള്ളിൽ ശക്തവും വിലകുറഞ്ഞതുമായ പോളിമർ കൊണ്ട് നിർമ്മിച്ച 206 അസ്ഥികളുണ്ട്. റോബോട്ടിന്‍റെ തോളുകൾക്ക് 20 ഡിഗ്രി വരെ ചലനശേഷിയുണ്ട്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് മൊത്തത്തിൽ 164 ഡിഗ്രി വരെ ചലിക്കാനുള്ള കഴിവും നൽകിയിരിക്കുന്നു. തങ്ങളുടെ മയോഫൈബറുകൾ ഭാരം കുറഞ്ഞവ മാത്രമല്ല, കൂടുതൽ ശക്തവും വേഗതയേറിയതുമാണെന്നും ക്ലോൺ റോബോട്ടിക്സ് കമ്പനി അവകാശപ്പെടുന്നു.

ഈ റോബോട്ടിന്‍റെ പേശികളെ പ്രവർത്തിപ്പിക്കാൻ ഒരു ഹൈഡ്രോളിക് സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. അതിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ പമ്പ് പ്രവർത്തിക്കുന്നു. ഇത് ഒരു ഹൃദയത്തോളം വലിപ്പമുള്ളതും 500 വാട്ട്സ് പവറിൽ ദ്രാവകം പമ്പ് ചെയ്യാൻ കഴിയുന്നതുമാണ്. റോബോട്ടിന് വേദനയോ സ്‍പർശന ശേഷിയോ അനുഭവിക്കാനുള്ള കഴിവില്ലെങ്കിലും ശരീരത്തിന്റെ ഏത് ഭാഗം എവിടെയാണെന്ന് അറിയാൻ കഴിയുന്ന സെൻസറുകളും അതിന്റെ ശരീരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

നാല് ക്യാമറകൾ, 70 ഇനേർഷ്യൽ സെൻസറുകൾ, തലയിൽ ഘടിപ്പിച്ചിരിക്കുന്ന 320 പ്രഷർ സെൻസറുകൾ എന്നിവ റോബോട്ടിന്‍റെ ഓരോ ചലനത്തെയും നിയന്ത്രിക്കുന്നു. ക്ലോൺ റോബോട്ടിക്സ് കമ്പനിയുടെ ഭാവി മോഡലായ ‘ക്ലോൺ ആൽഫ’യുടെ പ്രോട്ടോടൈപ്പാണ് പ്രോട്ടോക്ലോൺ റോബോർട്ട്. ഈ വർഷം ഫെബ്രുവരിയിൽ ഒരു വീഡിയോയിലൂടെയാണ് പൂർണ്ണ കൈകാലുകളുള്ള പ്രോട്ടോക്ലോണിനെ ക്ലോൺ റോബോട്ടിക്സ് ആദ്യമായി വെളിപ്പെടുത്തിയത്. അതിന്‍റെ ഭയാനകമായ ചലനങ്ങൾ കാരണം അന്നും അത് വൈറലായി. ഭാവിയിൽ ഈ റോബോട്ടിന് മനുഷ്യരെപ്പോലെ നടക്കാനും പാചകവും ക്ലീനിംഗും ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യാനും അതിഥികളെ സ്വീകരിക്കാനും അവരോട് രസകരമായി സംസാരിക്കാനുമൊക്കെ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *