Your Image Description Your Image Description

ബർലിൻ: ബർലിനിനടുത്തുള്ള ഒരു ഫാമിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 35 വർഷത്തിനിടെ ജർമനിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. പകർച്ചവ്യാധിയായ കുളമ്പുരോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ജർമൻ അധികൃതർ നിയന്ത്രണ നടപടികൾ ശക്തമാക്കി. ബർലിൻ നഗരപരിധിക്ക് പുറത്തുള്ള ബ്രാൻഡൻബർഗിലെ ഹോനൗവിലെ ഒരു നീർപ്പോത്തിന്‍റെ കൂട്ടത്തിലാണ് ആദ്യമായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്തത്.

രോഗം കണ്ടെത്തിയ ഫാമിന് ചുറ്റും 3 കിലോമീറ്റർ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമായി ബർലിനിലെ മൃഗശാലകൾ അടച്ചു. ബ്രാൻഡൻബർഗ് സംസ്ഥാനം മൂന്ന് ദിവസത്തേക്ക് മൃഗങ്ങളെയും വഹിച്ചുള്ള ഗതാഗതം നിരോധിച്ചു. മുൻകരുതൽ നടപടിയായി രോഗബാധ കണ്ടെത്തിയതിന് സമീപത്തെ ഫാമിലെ 200 ഓളം പന്നികളെ കശാപ്പ് ചെയ്തു. രോഗം ബാധിച്ച് ഹോനോവിൽ മൂന്ന് നീർപ്പോത്തുകൾ ചത്തതായി ബ്രാൻഡൻബർഗിലെ കൃഷി മന്ത്രി ഹങ്ക മിറ്റൽസ്റാഡ് പറഞ്ഞു. അതേ കൂട്ടത്തിലെ ശേഷിക്കുന്ന 11 എരുമകളെയും കൂടുതൽ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കശാപ്പ് ചെയ്തു.

വൈറസ് പൊട്ടിപ്പുറപ്പെടുന്നത് രാജ്യത്തിന്‍റെ കാർഷിക കയറ്റുമതിയെ ബാധിക്കുമെന്ന ഭീഷണി ഉയർന്നതിനാൽ ജർമനി കുളമ്പുരോഗത്തിന്‍റെ വ്യാപനം പരിമിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. കേസുകൾ അടങ്ങുന്നതുവരെ ജർമനിയിൽ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി നിർത്തുമെന്ന് ദക്ഷിണ കൊറിയയും മെക്സിക്കോയും അറിയിച്ചതായി ജർമനിയുടെ കാർഷിക മന്ത്രാലയ വക്താവ് പറഞ്ഞു. ഈ രോഗം കന്നുകാലി ഉടമകൾക്ക് ഗണ്യമായ നഷ്ടത്തിനും കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *