Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയില്‍ നില്‍ക്കുമ്പോള്‍ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. ജീവിതം മുഴുവന്‍ കലയെ കൈവിടാതിരിക്കണമെന്നും കലയ്ക്ക് മനുഷ്യരെ സ്‌നേഹിക്കാനാകുമെന്നും ഇത്രയും വലിയ കലോത്സവം നടത്താന്‍ പ്രയ്തനിച്ച സംഘാടകരായ എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയാല്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി കിട്ടുമെന്നുള്ളത് മാത്രമാണ് തനിക്ക് കലോത്സവവുമായുള്ള ബന്ധം. വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ഈ വേദിയില്‍ നില്‍ക്കാനായതില്‍. എന്നാല്‍, ഇന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെന്ന കലയാണ്. ഇനി എനിക്ക് പറയാനാകും ഞാന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിട്ടുള്ളയാളാണെന്ന്.

കലാരംഗത്തിന്റെ ഭാവിയുടെ വാഗ്ദാനങ്ങളായി ഇത്രയധികം പേര്‍ വളര്‍ന്ന് വരുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്. ഭാവിയില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കലയെ കൈവിടാതെ നിര്‍ത്തണം. കല മനുഷ്യരെ തമ്മില്‍ സ്‌നേഹിക്കുകയും അടുപ്പിക്കുകയും ചെയ്യും. എന്നും സന്തോഷം നല്‍കും. കലയുടെ ആത്യന്തിക ലക്ഷ്യം വിനോദമാണെങ്കിലും അതിലൂടെയുണ്ടാകുന്ന സൗഹൃദങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ആളുകളെ സ്‌നേഹിക്കാനും സമാധാനം ഉണ്ടാകാനുമൊക്കെ കലാകാരന്‍മാരായും കലാകാരികളായും തുടരുക.

എല്ലാവര്‍ക്കും ആശംസകള്‍ നേരുകയാണ്. ഇത്രയും മേള ഗംഭീരമായി നടത്തിയ സംഘാടകര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനം. അതുപോലെ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. പലരും ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. അതിനാല്‍ തന്നെ വിജയികള്‍ക്കും പരാജയപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍.

കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. ഏതു വേഷത്തിലും തന്നെ കാണാന്‍ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതില്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടു ധരിച്ച് വന്നാല്‍ നന്നായിരിക്കുമെന്ന് ചിലര്‍ പറഞ്ഞിരുന്നുവെന്നും ടൊവിനോ പറഞ്ഞു.സമാപന വേദിയില്‍ ടൊവിനോ അത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. വീഡിയോയില്‍ മോഡേണ്‍ ഡ്രസ് ധരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ അതിനാല്‍ തന്നെ അവരുടെ ആവശ്യപ്രകാരം കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് എത്തിയതെന്നും അടുത്ത തവണ മറ്റുള്ളവര്‍ പറഞ്ഞ ആഗ്രഹങ്ങള്‍ പാലിക്കാന്‍ ശ്രമിക്കാമെന്നും ടൊവിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *