Your Image Description Your Image Description

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്തിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന നേതൃത്വം. ആക്ഷേപങ്ങൾക്ക് പാര്‍ട്ടിക്ക് അകത്തോ പുറത്തോ മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. നേതൃമാറ്റ ആവശ്യം തള്ളി എംവി ഗോവിന്ദൻ പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും നെടുംതൂണാണ് പിണറായിയെന്ന് വിശേഷിപ്പിച്ചു

പാര്‍ട്ടി നയങ്ങൾക്കും സര്‍ക്കാരിന്‍റെ പ്രവര്‍ത്തന രീതിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ ആദ്യം പുറത്തും പിന്നിട് പാര്‍ട്ടി യോഗങ്ങളിലും വന്ന ചില വിമര്‍ശനങ്ങൾക്ക് ആസൂത്രിതവും സംഘടിതവുമായ സ്വഭാവമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നുണ്ടായ പരസ്യ വിമര്‍ശനങ്ങൾക്ക് പിന്നാലെ പാര്‍ട്ടി യോഗങ്ങളിലും നേതാക്കൾ മുഖം നോക്കാതെ സംസാരിക്കാൻ തയ്യാറായി. സമീപ കാലത്തൊന്നും നേതൃത്വത്തിനെതിരെ ഇത്ര വലിയ വിമര്‍ശനം സംസ്ഥാന സമിതിയിൽ ഉയർന്നിട്ടില്ല.

അപ്രതീക്ഷിത കടന്നാക്രമങ്ങളിൽ അമ്പരപ്പുണ്ടെങ്കിലും നിലവിട്ട മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടതില്ലെന്നാണ് തീരുമാനം. ആക്ഷേപങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. വിമര്‍ശനങ്ങൾക്കും കേന്ദ്രീകൃത സ്വഭാവം ഉള്ളതിനാൽ പരമാവധി മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. ശൈലീ മാറ്റം ആവശ്യമില്ലെന്ന് മാത്രമല്ല പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും നെടുംതൂണാണ് പിണറായി എന്ന് കൂടി പറഞ്ഞാണ് എംവി ഗോവിന്ദൻ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ വിമര്‍ശകരുടെ വായടക്കുന്നത്. അതേസമയം മഴക്ക് ശേഷം മരം പെയ്യും പോലെ സിപിഎമ്മിൽ തിരുത്തൽ വാദത്തിന് ശക്തിയേറുകയാണ്.

ജില്ലാ നേതൃയോഗങ്ങൾക്കും മേഖലാ യോഗങ്ങൾക്കും ശേഷം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങൾക്ക് മുൻഗണന ക്രമം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണം തീര്‍ക്കാനാണ് സിപിഎം ആലോചന. സംസ്ഥാനത്തുയര്ന്ന അസാധാരണ ചര്‍ച്ചകളിൽ കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന നിലപാടും നിര്‍ണ്ണായകമാണ് . 28 മുതലാണ് കേന്ദ്രകമ്മിറ്റിയോഗം.

Leave a Reply

Your email address will not be published. Required fields are marked *