Home » Blog » Kerala » രാഹുൽ ​ഗാന്ധിയുടെ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം; ഒടുവിൽ പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു
10

ന്യൂഡൽഹി: പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഡൽഹി പൊലീസ് കേസെടുത്തതിന്റെ വിശദാംശങ്ങൾ പുറത്ത്. മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ബി.എൻ.എസ് 118(1), 125 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹിൽ ലോചവിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി ആറ് മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സാഹിലിന്റെ അമ്മ, പ്രിയങ്ക ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഡൽഹിയിലെ ജന്തർമന്ദിറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സാഹിലിന് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർഥി നേരിട്ട് നൽകിയ പരാതിയിൽ ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഇതോടെയാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. കേസ് രജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.

നീതിക്കായി നിലകൊള്ളുന്ന രാഹുൽ ഗാന്ധി അനീതിക്കെതിരെ പോരാടുന്നവരുടെ ഹീറോയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *