1988-ലെ കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുള്ള വൃദ്ധനെ പ്രായാധിക്യവും മോശമായ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സ്വതന്ത്രനായി ജീവിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പ്രതിയായ രസിക് ചന്ദ്ര മൊണ്ടലിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ഇതോടെ ദീർഘകാലമായി തുടർന്ന നിയമപോരാട്ടങ്ങൾക്കാണ് അന്തിമ പരിസമാപ്തിയായത്.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 1920-ൽ ജനിച്ച രസിക് ചന്ദ്ര മൊണ്ടൽ 1988-ലാണ് കൊലപാതകക്കേസിൽ പ്രതിയാകുന്നത്. തുടർന്ന് വിചാരണക്കോടതി 1994 ഡിസംബറിൽ, അദ്ദേഹത്തിന് 68 വയസ്സുള്ളപ്പോൾ, കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയ്‌ക്കെതിരെ കൽക്കട്ട ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അപ്പീലുകൾ തള്ളപ്പെട്ടതോടെ ശിക്ഷാവിധിയുമായി മുന്നോട്ട് പോകേണ്ടി വന്നു.
തനിക്ക് 99 വയസ്സ് പൂർത്തിയായ 2020-ൽ, മോശമായ ആരോഗ്യസ്ഥിതിയും പ്രായാധിക്യവും ചൂണ്ടിക്കാട്ടി അകാല മോചനം ആവശ്യപ്പെട്ട് മൊണ്ടൽ വീണ്ടും രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന്റെ നിലപാട് തേടി നോട്ടീസ് അയച്ചു. തുടർന്ന് 2024 നവംബറിൽ ഇദ്ദേഹത്തിന് കോടതി ഇടക്കാല ജാമ്യവും പരോളും അനുവദിക്കുകയും ചെയ്തു.
ഓഗസ്റ്റ് 21ന് കേസ് വീണ്ടും പരിഗണിച്ച ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച്, 2024-ൽ നൽകിയ ഇടക്കാല ജാമ്യ ഉത്തരവ് അന്തിമമാക്കുകയാണെന്ന് വ്യക്തമാക്കി. ജീവപര്യന്തം തടവുകാലം ഔദ്യോഗികമായി പൂർത്തിയായിട്ടില്ലെങ്കിൽ പോലും, ഇത്രയും ഉയർന്ന പ്രായവും ശാരീരികാവസ്ഥയും പരിഗണിച്ച് ഇദ്ദേഹത്തെ വീണ്ടും തടവിലാക്കേണ്ടതില്ലെന്നും സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
