മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരത്തിനിടെ എതിരാളിയുമായി ഏറ്റുമുട്ടിയ സംഭവത്തിൽ ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സിക്കും സഹതാരം ഇയാൻ ഫ്രേയ്ക്കും എംഎൽഎസ് അച്ചടക്ക സമിതി പിഴ ചുമത്തി. എതിരാളികളുടെ മുഖത്തോ, തലയിലോ, കഴുത്തിലോ കൈകൾ കൊണ്ട് അടിക്കുന്നത് തടയുന്ന ലീഗിന്റെ അച്ചടക്ക ചട്ടം ലംഘിച്ചതിനാണ് ഈ നടപടി. ഫിലാഡൽഫിയ യൂണിയനുമായി നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലെ സ്റ്റോപ്പേജ് ടൈമിൽ (101-ാം മിനിറ്റിൽ) നടന്ന നാടകീയ സംഭവ വികാസങ്ങളെ തുടർന്നാണ് ലീഗ് തുക വെളിപ്പെടുത്താത്ത പിഴ പ്രഖ്യാപിച്ചത്.
മത്സരം 2-2 സമനിലയിൽ നിൽക്കെ, മിയാമിയുടെ യാനിക് ബ്രൈറ്റും ഫിലാഡൽഫിയയുടെ കാവൻ സള്ളിവാനും തമ്മിൽ പിച്ചിന്റെ ഒരു വശത്ത് ഏറ്റുമുട്ടുകയും തുടർന്ന് റഫറി ഇരുവരുമായി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പിച്ചിന്റെ മറുഭാഗത്ത് പന്ത് കളിക്കുന്നതിനിടെ മെസ്സി ഫിലാഡൽഫിയ താരം ക്വിൻ സള്ളിവനുമായി കൊമ്പുകോർത്തു. ചെറിയൊരു തർക്കത്തിന് ശേഷം മെസ്സി ക്വിന്നിന്റെ കഴുത്തിന് പിന്നിൽ അടിക്കുകയായിരുന്നു. സംഭവസമയത്ത് റഫറി ഫിലിപ്പ് ഡുജിക് പുറംതിരിഞ്ഞു നിന്നതിനാൽ മത്സരത്തിനിടെ ഇവർക്ക് കാർഡുകൾ ലഭിച്ചിരുന്നില്ല.
അതേസമയം മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട ഫിലാഡൽഫിയയുടെ കാവൻ സള്ളിവന് ലഭിച്ച ഒരു മത്സരത്തിലെ സസ്‌പെൻഷനും അനുബന്ധ പിഴയും ലീഗിന്റെ സ്വതന്ത്ര അവലോകന പാനൽ പിന്നീട് റദ്ദാക്കി. അമേരിക്കൻ സോക്കർ, കാനഡ സോക്കർ, പ്രൊഫഷണൽ റഫറി ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പാനൽ കാവന് അനുകൂലമായി ഏകകണ്ഠമായി വോട്ട് ചെയ്തതോടെയാണ് താരത്തിന് ആശ്വാസമായത്. എന്നാൽ തട്ടകത്തിലെ സംഘർഷത്തിനും അച്ചടക്കലംഘനത്തിനും മെസ്സിയടക്കമുള്ള മിയാമി താരങ്ങൾക്കെതിരെ നടപടി ശക്തമാക്കുകയായിരുന്നു എംഎൽഎസ്.
