കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയായ ‘കിസാൻ വികാസ് പത്ര’ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുന്നു. നിക്ഷേപിക്കുന്ന തുക കൃത്യം 115 മാസം കൊണ്ട് (9 വർഷവും 7 മാസവും) ഇരട്ടിയാകുമെന്നതാണ് ഈ സ്കീമിന്റെ പ്രധാന ആകർഷണം. കേന്ദ്രസർക്കാരിന്റെ പൂർണ്ണ പിന്തുണയുള്ളതിനാൽ സുരക്ഷിതമായി വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കാവുന്ന ഒന്നാണിത്.
നിലവിൽ 7.5 ശതമാനം വാർഷിക കൂട്ടുപലിശയാണ് ഈ പദ്ധതിക്ക് കേന്ദ്രസർക്കാർ നൽകുന്നത്. ചുരുങ്ങിയത് 1000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി തുകയ്ക്ക് പരിധിയില്ല. ഉദാഹരണത്തിന്, 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 10 ലക്ഷം രൂപയായും, 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 20 ലക്ഷം രൂപയായും തുക വളരും. വരുമാനത്തിന് ഒട്ടും റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. എന്നാൽ, പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ മുതലും പലിശയും ഒരുമിച്ച് പിൻവലിക്കാൻ സാധിക്കൂ എന്നതിനാൽ പ്രതിമാസ പലിശ വരുമാനം പ്രതീക്ഷിക്കുന്നവർക്ക് ഇത് അനുയോജ്യമല്ല. കൂടാതെ ഇതിന് പ്രത്യേക നികുതി ഇളവുകൾ ലഭ്യവുമല്ല. അക്കൗണ്ട് ഉടമയുടെ ആകസ്മിക നിര്യാണം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് കാലാവധിക്ക് മുൻപ് തുക പിൻവലിക്കാൻ അനുമതിയുള്ളൂ.
