Home » Blog » Kerala » “ആരുമറിഞ്ഞില്ല റെയിൽവേയുടെ തീരുമാനം; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ” – വി.കെ. ശ്രീകണ്ഠൻ എംപി
11

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തിലെ എംപിമാരുമായോ സംസ്ഥാന സർക്കാരുമായോ ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഡിവിഷന്റെ വരുമാനവും ഫണ്ടും കുറച്ച് ഡിവിഷനെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ശ്രീകണ്ഠൻ പറഞ്ഞു. തീരുമാനത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അർധരാത്രിയിലാണ് റെയിൽവേയുടെ തീരുമാനം പുറത്തുവന്നതെന്നും സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും എംപി ആരോപിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാടിനെ വിഭജിക്കാനുള്ള കാരണം വ്യക്തമാക്കാതെയാണ് ഏകപക്ഷീയമായി തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകളുടെ കാര്യത്തിലും പാലക്കാടിന് തിരിച്ചടിയുണ്ടാകുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. മംഗളൂരു മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകൾ പാലക്കാടിന് ലഭിക്കുന്നതിൽ വലിയ കുറവുണ്ടാകുമെന്നും ഇത് ഡിവിഷന്റെ വരുമാനത്തെയും കേരളത്തിലെ റെയിൽവേ വികസനത്തെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഡിവിഷന് കീഴിലെ മംഗളൂരു മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള റെയിൽവേ മേഖലകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചത്. 2007ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽനിന്ന് ഒരു ഭാഗം മാറ്റിയിരുന്നു. പുതിയ വിഭജനത്തോടെ മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളും ന്യൂ മംഗളൂരു തുറമുഖത്തോട് ചേർന്ന പനമ്പൂർ പോർട്ട് സ്റ്റേഷനും പാലക്കാട് ഡിവിഷന് നഷ്ടമാകും. ഇതോടെ ഡിവിഷന്റെ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *