Your Image Description Your Image Description
Your Image Alt Text

 

ആലപ്പുഴ: ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ്ടങ്കരി, വേഴപ്ര എന്നീ ഗ്രാമങ്ങളില്‍ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ കൂടി സ്ഥാപിച്ച് തദ്ദേശ വാസികളായ ജനങ്ങള്‍ക്ക് കൈമാറി. കമ്പനിയുടെ സി എസ് ആര്‍ സംരംഭമായ അഡോപ്റ്റ് എ വില്ലേജ് ഉദ്യമത്തിന്റെ ഭാഗമായാണ് ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചത്.

പതിറ്റാണ്ടുകളായി കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം നട്ടംതിരിയുന്ന കുട്ടനാട്ടിലുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും ഉണ്ടാവുന്നതായും കണ്ടു വന്നിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രംഗത്തിറങ്ങിയ യു എസ് ടി യിലെ ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷം ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിസന്ധിക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ തീരുമാനിക്കുകയും ചെയ്തു. കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് കൈമാറി. പദ്ധതിയുടെ തുടര്‍ച്ചയായി ഇപ്പോള്‍ കണ്ടങ്കരി, വേഴപ്ര എന്നീ സ്ഥലങ്ങളിലും സമാനമായ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ യുഎസ് ടിയ്ക്ക് കഴിഞ്ഞു.

വേഴപ്രയില്‍ 750-ലധികം കുടുംബങ്ങളും കണ്ടങ്കരിയില്‍ 250-ലധികം കുടുംബങ്ങളുമാണ് താമസിക്കുന്നത്. യു എസ് ടി യുടെ കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്‌മണ്യന്‍, മറ്റ് സി എസ് ആര്‍ പ്രവര്‍ത്തകരായ ഷൈന്‍ വര്‍ഗീസ്, രാമു കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് രണ്ടു പ്ലാന്റുകളും തദ്ദേശവാസികള്‍ക്ക് കൈമാറി. ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ഗ്രാമവാസികള്‍ വന്‍തോതിലാണ് ഒത്തുചേര്‍ന്നത്.

”കുടിക്കാനും പാചകം ചെയ്യാനുമുള്ള ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലം നമ്മുടെ സമൂഹം കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. സമീപത്തെ ജലാശയങ്ങളില്‍ നിന്നുള്ള മലിനജലം തുടര്‍ച്ചയായി ഉപയോഗിക്കുന്നതു മൂലം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നിരവധി രോഗങ്ങളും പടര്‍ന്നു പിടിക്കുകയുണ്ടായി. ഇപ്പോള്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കിക്കൊണ്ടുള്ള യുഎസ്ടിയുടെ ഈ സംരംഭം ഞങ്ങളുടെ ജീവിതത്തിലെ വളരെ നിര്‍ണായകമായ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,’ ഗുണഭോക്താക്കളില്‍ ഒരാളായ അമ്പതു വയസ്സുകാരിയായ ശോഭാ മോഹന്‍ പറഞ്ഞു.

കിണര്‍, പ്രീ-ഫില്‍ട്രേഷന്‍ ടാങ്ക്, ക്ലോറിനേഷന്‍ ടാങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളെ ഫില്‍റ്റര്‍ ചെയ്യാനുള്ള സംവിധാനം, റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയ, കാര്‍ബണ്‍ ഫില്‍ട്ടര്‍, യു വി ഫില്‍ട്ടര്‍, സപ്ലൈ ടാങ്ക്, പ്ലാന്റ് റൂം എന്നിവ അടങ്ങുന്നതാണ് രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റുകള്‍. ‘കുട്ടനാട്ടിലെ വേഴപ്ര, കണ്ടങ്കരി ഗ്രാമങ്ങള്‍ക്ക് പ്രയോജനപ്രദമായി രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ കൂടി കൈമാറാന്‍ കഴിഞ്ഞു എന്നത് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള യുഎസ് ടി യുടെ ശ്രമങ്ങളുടെ തുടര്‍ പ്രക്രിയയുടെ ഫലമാണ്. നേരത്തെ മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളില്‍ ഞങ്ങള്‍ നടത്തിയ സമാനമായ ശ്രമങ്ങള്‍ ഫലം കാണുകയുണ്ടായി. ഇപ്പോള്‍ വേഴപ്ര, കണ്ടങ്കരി എന്നിവിടങ്ങളിലും അതു സാധ്യമായിരിക്കുന്നു. ആലപ്പുഴയിലെ കുട്ടനാടന്‍ മേഖലയില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതില്‍ യുഎസ് ടിയുടെ ശ്രമങ്ങള്‍ ഇനിയും തുടരും,’ യു എസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *