Your Image Description Your Image Description

എന്താണ് സംഭവിച്ചത് എന്നുമറിയാതെ ജീവിതകാലം മുഴുവനും കഴിയേണ്ടി വരിക. അത്രയേറെ വേദന മറ്റൊന്നിനുമുണ്ടാവില്ല അല്ലേ? അത് തന്നെയാണ് ക്രിസ്റ്റീന നികിത കോഫി എന്ന സ്ത്രീയുടെ ജീവിതത്തിലും സംഭവിച്ചത്. തന്റെ അച്ഛന് എന്താണ് പറ്റിയതെന്നറിയാതെ 53 വർഷമാണ് അവർ തള്ളിനീക്കിയത്.

1971 ജനുവരി 27 -നാണ് ക്രിസ്റ്റീനയുടെയും അതുപോലെയുള്ള അനേകം പേരുടെയും ജീവിതം എന്നേക്കുമായി മാറിമറിഞ്ഞ ആ സംഭവമുണ്ടായത്. അന്നാണ്, നികിത, ഡൊണാൾഡ് മിയേഴ്സ്, റോബർട്ട് ആർ. വില്യംസ് III, ഫ്രാങ്ക് ബി. വൈൽഡർ, കിർബി വിൻഡ്‌സർ എന്നിവരെ വഹിച്ചുകൊണ്ടുള്ള ഒരു വിമാനം വെർമോണ്ടിലെ ബർലിംഗ്ടണിൽ നിന്ന് റോഡ് ഐലൻഡിലെ പ്രൊവിഡൻസിലേക്ക് പുറപ്പെട്ടത്.

ടേക്ക്ഓഫ് കഴിഞ്ഞ് കുറ ഒച്ചുനേരം എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ, അധികം വൈകാതെ വിമാനത്തിൽ നിന്നുള്ള എല്ലാ സി​ഗ്നലുകളും നഷ്ടപ്പെട്ടു. പിന്നീടൊരിക്കലും ആ വിമാനത്തിൽ നിന്നോ, വിമാനത്തെ കുറിച്ചോ ഒരു വിവരവും ഉണ്ടായില്ല. ശീതകാലത്തിലെ കൊടും തണുപ്പായിരുന്നു ആ സമയം. താഴെയുള്ള തടാകം ഉറച്ചിരുന്നു. അതൊക്കെ കാരണം വിമാനത്തിനായുള്ള ആദ്യത്തെ തിരച്ചിൽ വിജയിച്ചില്ല. വസന്തകാലമായപ്പോൾ തടാകത്തിലെ ഐസ് ഉരുകി. അന്ന് നടന്ന തിരച്ചിലിൽ വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ, കൂടുതലൊന്നും അന്ന് കണ്ടെത്താനായില്ല.

തുടർന്നുള്ള 53 വർഷങ്ങൾ 17 തിരച്ചിലുകളാണ് വിമാനത്തിന് വേണ്ടി നടത്തിയത്. അടുത്തിടെ, മെയ് 28 -ന്, ക്രിസ്റ്റീനയ്ക്ക് അവളുടെ ഒരു കസിനിൽ നിന്നും ഒരു കോൾ ലഭിച്ചു. കസിൻ പറഞ്ഞത്, ജുനൈപ്പർ ദ്വീപിന് പടിഞ്ഞാറ് ഏകദേശം 200 അടി വെള്ളത്തിൽ ഒരു ജെറ്റിന്റെ അവശിഷ്ടം കണ്ടെത്തി എന്നായിരുന്നു. പിന്നീട്, ഇത് അന്ന് ക്രിസ്റ്റീനയുടെ പിതാവ് സഞ്ചരിച്ചിരുന്ന വിമാനമാണെന്ന് കണ്ടെത്തി.

വിമാനത്തിന്റെ ചുവപ്പും കറുപ്പും നിറങ്ങൾ വച്ചാണ് അത് തിരിച്ചറിഞ്ഞത്. സമീപത്ത് രണ്ട് ടർബൈൻ എഞ്ചിനുകളും തകർന്ന ചിറകും ഉണ്ടായിരുന്നു. ഒടുവിൽ, ക്രിസ്റ്റീനയെ പോലുള്ള അനേകം പേർക്ക് അവരുടെ പ്രിയപ്പെട്ടവരെ വഹിച്ചിരുന്ന വിമാനം തകർന്നു വീണതെവിടെ എന്നതിന്റെ ഉത്തരം ലഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *