Your Image Description Your Image Description

 

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. റെനീഷ് അടക്കം ജില്ലയിൽ ജീവൻ നഷ്ടപ്പെട്ടത് ആറു പേർക്കാണ്. ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാലിയാർ പ്രദേശത്തെ ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *