Your Image Description Your Image Description

 

തിരുവനന്തപുരം: റഷ്യന്‍ യുദ്ധ മുഖത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. റിക്രൂട്ട്‌മെന്റ് സംഘത്തലവന്‍ അലക്‌സ് സന്തോഷിന്റെ മുഖ്യ ഇടനിലക്കാരന്‍ തുമ്പ സ്വദേശി പ്രിയന്‍, കരിങ്കുളം സ്വദേശി അരുണ്‍ എന്നിവരെയാണ് സിബിഐ ഡൽഹി യൂണിറ്റ് തിരുവനന്തപുരത്ത് വെച്ച് പിടികൂടിയത്.

റഷ്യന്‍ യുദ്ധ ഭൂമിയിലേക്ക് മലയാളികളെ എത്തിക്കുന്നത് റഷ്യന്‍ മലയാളി അലക്‌സ് സന്തോഷിന്റെ നേതൃത്വത്തിലുള്ള വലിയ റിക്രൂട്ടിങ് സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഞ്ചുതെങ്ങില്‍ നിന്നും തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നും റഷ്യന്‍ യുദ്ധമുഖത്തേക്ക് ആളുകളെ കൊണ്ടു പോയതില്‍ പ്രധാനിയാണ് പ്രിയന്‍. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞാണ് യുവാക്കളെ റഷ്യന്‍ യുദ്ധമുഖത്തേക്കെത്തിച്ചത്. പലരും രക്ഷപ്പെട്ടെത്തുകയും പരിക്കേറ്റവര്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏഴു ലക്ഷത്തോളം രൂപ നാട്ടില്‍ നിന്നും പ്രിയന് കൈമാറിയെന്ന് റഷ്യയില്‍ രക്ഷപ്പെട്ടെത്തിയവരും ബന്ധുക്കളും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഇടനിലക്കാരന്‍ പ്രിയനും സഹായി അരുണും അറസ്റ്റിലായത്. തുമ്പ സ്വദേശിയും റഷ്യയില്‍ സ്ഥിര താമസക്കാരനുമായ അലക്‌സ് സന്തോഷിന്റെ ബന്ധു കൂടിയാണ് പിടിയിലായ പ്രിയന്‍.

പ്രിയനെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം. പിടിയിലാവരെ ദില്ലിക്ക് കൊണ്ടുപോകും. ഇനിയും കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോയെന്ന കാര്യവും പ്രിയനെ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണ സംഘത്തിന് കണ്ടെത്താനാവൂ. ഇതിനു ശേഷം സംഘത്തലവന്‍ അലക്‌സ് സന്തോഷിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടുന്നതിനും അന്വേഷണ സംഘം ശ്രമം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ പേരെ റഷ്യയില യുദ്ധമുഖത്തേക്ക് ഇടനിലക്കാര്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കും.

അതേസമയം, റിക്രൂട്ട്‌മെന്റ് ചതിയില്‍പെട്ട് റഷ്യന്‍ യുദ്ധമുഖത്ത് അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികളായ ടിനു, വിനീത് എന്നിവരെ കുറിച്ച് ഇപ്പോഴും വിവരമില്ല.

Leave a Reply

Your email address will not be published. Required fields are marked *