Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പ് എന്‍ഡിഎയ്ക്കും ബിജെപിക്കും അതിനിര്‍ണായകം. 2019ലെ കഴിഞ്ഞ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ ബിജെപി കരുത്തറിയിച്ച മണ്ഡലങ്ങളിലാണ് ഇന്നത്തെ വോട്ടെടുപ്പ്. മൂന്നാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയ 93 സീറ്റുകളില്‍ 2019ല്‍ 72 എണ്ണം വിജയിച്ചത് ബിജെപിയായിരുന്നു. ഇവയില്‍ 26 എണ്ണം ബിജെപിയുടെ കരുത്തുറ്റ സംസ്ഥാനമായ ഗുജറാത്തിലാണ്. ഹാട്രിക് ഭരണത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് നിര്‍ണായകമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലെ ഫലങ്ങള്‍.

അസമിലെ നാല് സീറ്റുകളും ബിഹാറിലെ അഞ്ച് സീറ്റുകളും ചത്തീസ്‌ഗഢിലെ ഏഴ് സീറ്റുകളും ഗോവയിലെ രണ്ട് സീറ്റുകളും ഗുജറാത്തിലെ 26 സീറ്റുകളും കര്‍ണാടകയിലെ 14 സീറ്റുകളും മധ്യപ്രദേശിലെ എട്ട് സീറ്റുകളും മഹാരാഷ്ട്രയിലെ 11 സീറ്റുകളും ഉത്തര്‍പ്രദേശിലെ 10 സീറ്റുകളും പശ്ചിമ ബംഗാളിലെ നാല് സീറ്റുകളും ദാദ്ര നഗർ ഹവേലി ദാമൻ ദിയുവുവിലെ രണ്ട് സീറ്റുകളും ജമ്മു ആന്‍ഡ് കശ്‌മീരിലെ ഒരു സീറ്റുമാണ് മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. ഗുജറാത്തിന് പുറമെ കര്‍ണാടക, യുപി എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളും ബിജെപിക്ക് നിര്‍ണായകമാകും. 2019ല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വന്‍ വിജയം നേടിയിരുന്നു.

എന്നാല്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെയും പോലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിലും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66.14 ശതമാനവും ഏപ്രില്‍ 26ന് നടന്ന രണ്ടാംഘട്ട പോളിംഗില്‍ 66.71 ശതമാനവും വോട്ടിംഗാണ് ആകെ രേഖപ്പെടുത്തിയത്.

മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലാണ് അവശേഷിക്കുന്ന ഘട്ടങ്ങളിലെ പോളിംഗ് നടക്കുക. ജൂണ്‍ നാലിനാണ് രാജ്യത്തെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തുടര്‍ച്ചയായ മൂന്നാംഭരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ലക്ഷ്യമിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ പദ്ധതിയിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യാ മുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *