Your Image Description Your Image Description
Your Image Alt Text

 

വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഐഫോൺ വച്ച് 14 വയസുകാരിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റിൽ. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസൺ III ആണ് അറസ്റ്റിലായിരിക്കുന്നത്.

7 -നും 14 -നും ഇടയിൽ പ്രായമുള്ള മറ്റ് നാല് പെൺകുട്ടികളുടെ വീഡിയോകൾ കൂടി തോംസൺ നേരത്തെ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ആരോപിച്ചു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങൾ കൈവശം വച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു എന്ന് അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. 2023 സെപ്തംബർ 2 -ന് ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1441-ലായിരുന്നു സംഭവം. പെൺകുട്ടി ടോയ്‍ലെറ്റ് ഉപയോ​ഗിക്കണം എന്ന് പറഞ്ഞപ്പോൾ ഫസ്റ്റ് ക്ലാസ് ബാത്ത്റൂം ഉപയോഗിക്കാൻ പറഞ്ഞത് തോംസൺ തന്നെയായിരുന്നു. പെൺകുട്ടി ബാത്ത്‍റൂമിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇയാളും ബാത്ത്‍റൂമിൽ കയറി.

ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് ശേഷമാണ് പെൺകുട്ടി സീറ്റിന് പിൻഭാ​ഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് തന്നെ പകർത്തുകയായിരുന്നു എന്നും അവൾക്ക് ബോധ്യമായി. ബാത്ത്‍റൂമിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് അവൾ തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തിയിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി.
തോംസൺ ജോലി ചെയ്തിരുന്ന വിമാനത്തിൽ മറ്റ് നാല് പെൺകുട്ടികൾ ബാത്ത്‍‌റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകൾ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് 2024 ജനുവരിയിൽ വിർജീനിയയിലെ ലിഞ്ച്ബർഗിൽ വച്ചാണ് തോംസൺ അറസ്റ്റിലായത്. അതിനുശേഷം ഇയാൾ ഫെഡറൽ കസ്റ്റഡിയിലാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി സൃഷ്ടിച്ച, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ നൂറുകണക്കിന് ചിത്രങ്ങൾ തോംസൺ തൻ്റെ ഐക്ലൗഡ് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതൽ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങൾ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *