Your Image Description Your Image Description
Your Image Alt Text

 

പാലക്കാട്: ഇറാൻ കപ്പലിൽ കുടുങ്ങിയ മകൻ സുമേഷിൻ്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അച്ഛൻ ശിവരാമൻ. മകനുമായി ഇന്നലെ രാത്രി സംസാരിച്ചു. മോചനത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് മകൻ പറഞ്ഞതെന്നും ശിവരാമൻ പറഞ്ഞു. മോചനം വൈകുന്നതിൽ ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ ഇടപെടണം. കപ്പൽ കമ്പനിയാണ് മോചനത്തിന് തടസം നിൽക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.

അതേസമയം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരെയും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നു. 17 ഇന്ത്യക്കാർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. മലയാളിയായ ആൻ ടെസയെ നേരത്തെ തന്നെ മോചിച്ചിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റൻ്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്. ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു.

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിൽ അവശേഷിക്കുന്ന മലയാളികള്‍. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *