Your Image Description Your Image Description
Your Image Alt Text

 

ബെം​ഗളൂരു: പ്രജ്വൽ വീഡിയോ വിവാദത്തിൽ ബിജെപിക്ക് കർണാടകയിൽ നഷ്ടമുണ്ടായാൽ അത് യെദിയൂരപ്പ കുടുംബത്തിന്‍റെ അധികാരവാഴ്ചയെത്തന്നെ ചോദ്യം ചെയ്യുന്നതാകും. പ്രജ്വലിന്‍റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും യെദിയൂരപ്പയുടെ മകനും ശിവമൊഗ്ഗയിലെ സ്ഥാനാർഥിയുമായ രാഘവേന്ദ്ര പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഹിന്ദുത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളത് തന്നെയാണ്. ഹിന്ദുത്വയെന്നാൽ ബിജെപി. ബിജെപിയെന്നാൽ മോദി. മോദിയെന്നാൽ ഹിന്ദുത്വയാണെന്നും ബി വൈ രാഘവേന്ദ്ര പറഞ്ഞു. പ്രജ്വൽ ചെയ്തത് പൂർണമായും തെറ്റാണ്. പ്രജ്വലിനെ പാർട്ടി സസ്പെൻഡ് ചെയ്യുകയും കുടുംബം തള്ളിപ്പറയുകയും ചെയ്തല്ലോ. ഇനി നിയമം അവർ നേരിടണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്- രാഘവേന്ദ്ര പറഞ്ഞു.

ദക്ഷിണേന്ത്യയിൽ നിന്ന് മാത്രം 50പ്ലസ് സീറ്റ് കൊയ്യാമെന്ന ബിജെപിയുടെ മിഷൻ സൗത്തിൽ മറ്റെവിടെ തോറ്റാലും കർണാടകയിലെ നേട്ടം നിലനിർത്തുമെന്നതായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പക്ഷേ രണ്ടാം ഘട്ടത്തിൽ ഗ്രാമങ്ങളിലടക്കം, സ്ത്രീവോട്ടർമാർ ബിജെപി സ്ഥാനാർഥികളോട് പ്രജ്വൽ വീഡിയോ വിവാദത്തെക്കുറിച്ച് ചോദിക്കുന്നുണ്ടെന്ന് പല പ്രാദേശികനേതാക്കളും സമ്മതിക്കുന്നു. ഇതിനെ മറികടക്കാൻ ദേശീയനേതാക്കളെയും ദക്ഷിണേന്ത്യയിൽ ജനപ്രിയരായ പ്രാദേശികനേതാക്കളെയും വ്യാപകമായി ഉത്തരകർണാടകയിൽ കളത്തിലിറക്കുകയാണ് ബിജെപി. അമിത് ഷായുടെയും യെദിയൂരപ്പയുടെയും മുതൽ അണ്ണാമലൈയുടെ വരെ പ്രചാരണപരിപാടികളുടെ എണ്ണം കൂട്ടി.

ഈ തെരഞ്ഞെടുപ്പിലെ എന്ത് തിരിച്ചടിയും യെദിയൂരപ്പയുടെ കുടുംബവാഴ്ചയെ തുറന്നെതിർക്കാൻ പാർട്ടിയിലെ മറുപക്ഷത്തിന് ഊർജം നൽകുന്നതാകും. ശക്തമായ ആർഎസ്എസ് അടിത്തറയിൽ വളർന്ന, ഹിന്ദുത്വത്തിലൂന്നി നിൽക്കുന്ന ഒരു കൂട്ടം നേതാക്കൾക്ക് ബി എൽ സന്തോഷിനെപ്പോലുള്ള യെദിയൂരപ്പ വിരുദ്ധചേരിയിലുള്ളവരുടെ പിന്തുണയുമുണ്ടാകും. അതിനാൽത്തന്നെ ഇത്തവണ ബിജെപിയുടെ മുദ്രാവാക്യം ഹിന്ദുത്വം മാത്രമാണെന്ന് തുറന്നടിക്കുന്നു മൂന്നാം വട്ടം ശിവമൊഗ്ഗയിൽ നിന്ന് ജനവിധി തേടുന്ന രാഘവേന്ദ്ര യെദിയൂരപ്പ.

പാർട്ടി സംസ്ഥാനനേതൃത്വത്തിന് ഈ ദൃശ്യങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നോ എന്ന ചോദ്യത്തിന് ഞാനൊരു എംപി സ്ഥാനാർഥി മാത്രമല്ലേ എന്നല്ലാതെ മറ്റൊരു മറുപടിയും രാഘവേന്ദ്രയടക്കമുള്ള മിക്ക സ്ഥാനാർഥികൾക്കുമില്ല. ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, അതിന് ശേഷവും മുന്നണിയെ, പ്രത്യേകിച്ച് ബിജെപിയെ, ഒഴിയാബാധ പോലെ ഈ വിവാദം പിന്തുടരുമെന്നതിന്‍റെ സൂചന കൂടിയാണ് മുന്നണിയിലെ ഈ ആശയക്കുഴപ്പം.

Leave a Reply

Your email address will not be published. Required fields are marked *