Your Image Description Your Image Description

ഇരിങ്ങാലക്കുട: ചില്ലറ നൽകാത്തതിന്റെ പേരിൽ പവിത്രനെന്ന 68 -കാരനെ ശാസ്താ ബസിലെ ക്രൂരനായ കണ്ടക്ടർ ബസിൽ നിന്ന് തള്ളി താഴെയിട്ടു. താഴെ വീണ പവിത്രനെ വീണ്ടും മർദിച്ചു. ആ പവിത്രൻ ഒരു മാസം നീണ്ട ചികിത്സ ഫലം കാണാതെ ഇന്ന് മരിച്ചു. നിലവിൽ റിമാൻഡിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു.

മൂന്നു രൂപ ചില്ലയില്ലെന്ന പേരിലുള്ള തർക്കത്തിനിടെയാണ് തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്താ ബസ്സിൽ നിന്നും പവിത്രനെ കണ്ടക്ടർ തള്ളിയിടുന്നത്. തലയടിച്ചു വീണ പവിത്രനെ പിന്നാലെ ഇറങ്ങിച്ചെന്നും കണ്ടക്ടർ രതീഷ് ക്രൂരമായി ഉപദ്രവിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പവിത്രനെ റോഡിൽ ഉപേക്ഷിച്ചിച്ച് കടന്നു കളയാനായിരുന്നു ബസ് കണ്ടക്ടറുടെ ശ്രമം. നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി കണ്ടക്ടറെ കൈമാറുകയായിരുന്നു.

പുത്തൻ തോട് ബസ് സ്റ്റോപ്പിൽ ഏപ്രിൽ രണ്ടിനാണ് സംഭവം ഉണ്ടാകുന്നത്. കറണ്ട് ചാർജടയ്ക്കാൽ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പവിത്രൻ. രാജാ സ്റ്റോപ്പിൽ നിന്ന് കയറി. പതിമൂന്ന് രൂപാ ടിക്കറ്റിന് 10 രൂപ നൽകി. പിന്നെ തന്റെ പക്കലുള്ളത് 500 രൂപയാണ് ചില്ലറയുണ്ടോ എന്നും കണ്ടക്ടറോട് ചോദിച്ചു. കണ്ടക്ടർ തർക്കിച്ചതോടെ വഴക്കായി. പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കടന്ന് വണ്ടി മുന്നോട്ട്. പുത്തൻ തോട് സ്റ്റോപ്പിൽ വണ്ടി നിർത്തി പവിത്രനെ ചവിട്ടി തള്ളിയിടുകയായിരുന്നു.

നാട്ടുകാരുടെ ഇടപെടലിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ എത്തിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് പവിത്രൻ മരിക്കുന്നത്. പ്രതി രതീഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു. കുറച്ചു കാലം മുമ്പു വരെ ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരിൽ സ്കൂൾ കുട്ടികൾക്കുള്ള യാത്രാ വണ്ടി സർവ്വീസ് നടത്തിയ ആളായിരുന്നു പവിത്രൻ.

Leave a Reply

Your email address will not be published. Required fields are marked *