Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-പഞ്ചാബ് കിംഗ്സ് പോരാട്ടത്തില്‍ ചെന്നൈ ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലാണ് പതിവുപോലെ എം എസ് ധോണി ക്രീസിലെത്തിയത്. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പുറത്തായതിന് പിന്നാലെ ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തിന്‍റെ അകമ്പടിയോടെയായിരുന്നു ധോണി ക്രീസിലിറങ്ങിയത്. ഐപിഎല്ലില്‍ ഇത്തവണ ഇതുവരെ പുറത്തായിട്ടില്ലാത്ത ധോണിയില്‍ നിന്ന് അവസാന ഓവറുകളില്‍ വീണ്ടുമൊരു വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.

നേരിട്ട ആദ്യ പന്തില്‍ ഒരു റണ്ണെടുത്ത ധോണിക്ക് പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ രാഹുല്‍ ചാഹറിന്‍റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാനായിരുന്നില്ല. മൂന്നാം പന്തില്‍ സിംഗിളെടുത്ത ധോണി സ്ട്രൈക്ക് മൊയീന്‍ അലിക്ക് കൈമാറിയെങ്കിലും ചാഹറിന്‍റെ നാലാം പന്തില്‍ അലി പുറത്തായി. പിന്നീട് ഡാരില്‍ മിച്ചലാണ് ചെന്നൈക്കായി ക്രീസിലിറങ്ങിയത്. ചാഹറിന്‍റെ അഞ്ചാം പന്തില്‍ സിംഗിളെടുത്ത മിച്ചല്‍ സ്ട്രൈക്ക് ധോണിക്ക് കൈമാറി.അവസാന പന്തിലും ധോണിക്ക് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു.

അവസാന ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് സീംഗിനെ നേരിട്ടതും 5 പന്തില്‍ 3 റണ്‍സെടുത്തു നിന്ന ധോണിയായിരുന്നു. വൈഡ് എറിഞ്ഞ് തുടങ്ങിയ അര്‍ഷ്ദീപിന്‍റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ധോണിക്ക് പക്ഷെ രണ്ടാം പന്തില്‍ റണ്ണെടുക്കാനായില്ല. മൂന്നാം പന്ത് വീണ്ടും വൈഡായി. വീണ്ടുമെറിഞ്ഞ മൂന്നാം പന്തില്‍ ധോണി പന്ത് ബൗണ്ടറിയിലേക്ക് അടിച്ചെങ്കിലും സിംഗിള്‍ ഓടിയില്ല. എന്നാല്‍ ഈ സമയം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളിനായി ഓടി ധോണിക്ക് അരികിലെത്തി.

മിച്ചലിനെ ധോണി തിരിച്ചയച്ചതോടെ തിരഞ്ഞോടിയ മിച്ചല്‍ വീണ്ടും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെത്തുകയും ചെയ്തു. അതിനിടെ എത്തിയ വൈഡ് ത്രോയില്‍ മിച്ചല്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടു. മിച്ചല്‍ രണ്ട് റണ്‍ ഓടിപൂര്‍ത്തിയാക്കിയിട്ടും ധോണി ക്രീസില്‍ അനങ്ങാതെ നിന്നു. അര്‍ഷ്ദീപിന്‍റെ നാലാം പന്തിലും റണ്ണെടുക്കാന്‍ കഴിയാതിരുന്ന ധോണി അഞ്ചാം പന്തില്‍ സിക്സ് പറത്തി. അവസാന പന്തിലാകട്ടെ രണ്ടാം റണ്ണിനായി ഓടി 11 പന്തില്‍ 14 റണ്ണെടുത്ത് റണ്ണൗട്ടായി. സീസണില്‍ ആദ്യമായാണ് ധോണി പുറത്താവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *