Your Image Description Your Image Description
Your Image Alt Text

 

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു.

വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നൽകാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്സീനെടുത്തതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാൽപ്പത്തിനാലുകാരൻ നൽകിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കൊവിഷീൽഡ് വാക്സീൻ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *