Your Image Description Your Image Description
Your Image Alt Text

 

 

കുട്ടികളെ വിൽപ്പന നടത്തുന്ന അന്തർ സംസ്ഥാന സംഘത്തെ പൊലീസ് പിടികൂടി. ഇടനിലക്കാരനായ ഒരു ഹോമിയോ ഡോക്ടർ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെക്കൂടാതെ മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 14 കുട്ടികളെ ഇവർ വിറ്റിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഘമാണ് മുംബൈയിൽ പൊലീസിന്റെ പിടിയിലായത്. അഞ്ച് ദിവസം മുതൽ ഒൻപത് മാസം വരെ പ്രായമുള്ള കു‌ട്ടികളെ ഇവർ വിറ്റിട്ടുണ്ട്. ഇതിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പൊലീസ് സംഘം കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് 12 കുട്ടികളെക്കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം.

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയാണ് പണം നൽകാൻ തയ്യാറുള്ളവ‍ർക്ക് വിറ്റിരുന്നത്. വാങ്ങുന്നവരുടെ സാമ്പത്തികസ്ഥിതിയും മറ്റ് കാര്യങ്ങളുമൊക്കെ പരിഗണിച്ച് 80,000 രൂപ മുതൽ നാല് ലക്ഷം വരെ കുട്ടികൾക്ക് ഈടാക്കിയിരുന്നു. കുട്ടികളുടെ ലിംഗം, നിറം തുടങ്ങിയവ ഉൾപ്പെടെ പരിഗണിച്ചായിരുന്നു വില നിശ്ചയിച്ചിരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡി.സി.പി ആ‍ർ രാഗസുധ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നാണ് കുട്ടികളെ പ്രധാനമായും സംഘടിപ്പിച്ചിരുന്നത്. ആവശ്യക്കാരിലേറെയും തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു.

കുട്ടികളില്ലാതെ, ഫെർട്ടിലിറ്റി സെന്ററുകളിൽ ചികിത്സയ്ക്ക് എത്തുന്ന ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ചികിത്സാ കേന്ദ്രങ്ങളുള്ള തെലങ്കാന ഇവരുടെ പ്രധാന പ്രവർത്തന മേഖലയായി മാറി. കഴിഞ്ഞ ശനിയാഴ്ച അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് കുട്ടിയെ എത്തിക്കുന്നതിനിടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *