Your Image Description Your Image Description

കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ 10 വർഷം കഴിഞ്ഞിട്ടും അവകാശികൾക്ക് അനുവദിക്കാത്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനപൂർവമായ വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും പരാതിക്കാരിക്ക് പലിശ സഹിതം ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കുമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അന്തരിച്ച ജീവനക്കാരൻ വി.കെ. സുബ്രന്റെ ഭാര്യ അയ്യമ്പിള്ളി സ്വദേശി പി.സി. സുധർമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.

ചാലക്കുടി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ചാലക്കുടി നഗരസഭയിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് ജീവനക്കാരൻ മരിച്ചത്. പരാതിക്കാരിക്ക് മിനിമം പെൻഷൻ അനുവദിച്ചെന്നും ആശ്രിതനിയമനം നൽകിയെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ജീവനക്കാരനുമായി ബന്ധപ്പെട്ട സർവീസ് പ്രശ്നങ്ങൾ സങ്കീർണമാണെന്നും പഴക്കം ചെന്ന രേഖകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരന്റെ സർവീസ് ബുക്ക് ലഭ്യമാക്കുന്നതിൽ കാലതാമസം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ തന്റെ ഭർത്താവിന്റെ സർവീസ് സംബന്ധമായ കാര്യങ്ങളിൽ ഓഡിറ്റ് ചൂണ്ടികാണിച്ച തടസവാദങ്ങളിൽ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ യഥാസമയം പരാതി പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഇതിനായി 10 വർഷത്തെ കാലതാമസം ഉണ്ടായതായും പരാതിക്കാരി അറിയിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യഥാസമയം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്ന് നിരവധി കോടതി ഉത്തരവുകൾ ഉള്ളതായി കമ്മീഷൻ ചൂണ്ടികാണിച്ചു.

പരാതിക്കാരി അനുഭവിച്ച മനുഷ്യാവകാശ ലംഘനത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമാനുസൃതമായ നടപടി നേരിടേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ 15 ദിവസത്തിനകം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ചാലക്കുടി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *