Your Image Description Your Image Description

നാല് ദിവസം മുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ രക്ഷപ്പെടുത്തി പൊലീസ്. മോൾഡോവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

74 -കാരിയായ ഒരു സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. സ്ത്രീയുടെ മൃതദേഹം അവരുടെ വീട്ടിൽ കണ്ടെത്തിയ ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. സംഭവം അന്വേഷിക്കവെയാണ് സമീപത്ത് നിന്നും ഒരാളുടെ നിലവിളി കേട്ടത്. പിന്നാലെ പൊലീസ് നിലവിളി കേട്ട സ്ഥലത്തെത്തുകയും പരിശോധിച്ചപ്പോൾ താൽക്കാലികമായി നിർമ്മിച്ച ഒരു നിലവറ കണ്ടെത്തുകയുമായിരുന്നു. കുഴിക്കകത്ത് 62 -കാരനായ ഒരാളാണുണ്ടായിരുന്നത്.

ഒരു യുവാവാണ് ഇയാളെ ഇവിടെ കുഴിച്ചിട്ടത്. പൊലീസുകാർ ഇയാളെ രക്ഷിക്കുന്ന വീഡിയോയും പിന്നാലെ പ്രചരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രക്ഷപ്പെടുത്തുമ്പോൾ ഇയാൾക്ക് ബോധമുണ്ടായിരുന്നു. എന്നാൽ, കഴുത്തിന് പരിക്കേറ്റ നിലയിലാണുണ്ടായിരുന്നത്.

കേസുമായി ബന്ധപ്പെട്ട് വടക്കുപടിഞ്ഞാറൻ മോൾഡോവയിലെ ഉസ്തിയയിലെ വീട്ടിൽ നിന്നും ഒരു 18 -കാരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി നീഡ് ടു നോ റിപ്പോർട്ട് ചെയ്തു. പൊലീസ് ചോദ്യം ചെയ്യുന്ന സമയത്ത് 18 -കാരൻ പരസ്പരബന്ധമില്ലാത്ത മറുപടിയാണ് നൽകിയത്. പിന്നാലെ പൊലീസ് അവന്റെ വീട്ടിൽ കയറി വിശദമായ പരിശോധന നടത്തുകയായിരുന്നു.
62 -കാരൻ പറയുന്നത് താനും 18 -കാരനും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു എന്നാണ്. പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ആ സമയത്ത് യുവാവ് ഇയാളെ കത്തിയുപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട്, ഇയാളെ താൽക്കാലികമായി ഒരു നിലവറയുണ്ടാക്കി അതിലിടുകയും അത് മണ്ണ് വച്ച് അടക്കുകയും ചെയ്തു.

സ്ത്രീയെ കൊലപ്പെടുത്തിയതും ഇതേ യുവാവ് തന്നെ ആയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. അവനെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *