Your Image Description Your Image Description

സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ മൊബൈൽ താരിഫ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. നിരക്കുകൾ വർധിപ്പിച്ചില്ല എന്ന് മാത്രവുമല്ല, താരതമ്യേന നിരക്കുകുറഞ്ഞ നിരവധി ജനപ്രിയ റീച്ചാർജ്ജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുകയും ചെയ്തു. ഇതോടെ ലക്ഷക്കണക്കിന് ആളുകളാണ് സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്. ഇതോടെ തങ്ങളുടെ കസ്റ്റമേഴ്സിനെ നിലനിർത്താനായി പല പ​ദ്ധതികളും സ്വകാര്യ മൊബൈൽ കമ്പനികൾ ആവിഷ്കരിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമാകുന്ന പ്രഖ്യാപനമാണ് അംബാനിയുടെ ജിയോ ഇപ്പോൾ നടത്തിയിരിക്കുന്നത്.

വളരെ ചെറിയ തുകക്ക് വർഷം മുഴുവൻ അൺലിമിറ്റഡ് ഡേറ്റയാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. മൊബൈൽ ഫോണുകൾ ഡാറ്റ പാക്കുകൾക്ക് വേണ്ടിയാണ് ഫോൺകോളുകളേക്കാൾ കൂടുതലായി ആളുകൾ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവിലാണ് ജിയോയുടെ പുതിയ നീക്കം. ചുരുങ്ങിയ നിരക്കിൽ വർഷം മുഴുവൻ അൺലിമിറ്റഡ് ഡേറ്റയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 601 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. 4ജി ഉപയോക്താക്കൾക്ക് പുതിയ പാക്കേജിലേക്ക് മാറാൻ ഈ പ്ലാൻ ഉപയോഗിക്കാം.

എന്നാൽ 601 രൂപ മുടക്കി ഒറ്റത്തവണയായി റീചാർജ് ചെയ്യാൻ കഴിയില്ലെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. പ്രതിമാസം 51 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് 5ജി ഡാറ്റ പാക്ക് ലഭിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവർക്കായി 1,111 രൂപയ്ക്ക് എയർഫൈബർ കണക്ഷൻ നൽകുന്ന പദ്ധതിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇൻസ്റ്റാലേഷൻ ചാർജ് ഈ പ്ലാനിൽ ഈടാക്കില്ല.

താരിഫ് വർധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബി.എസ്.എൻ.എല്ലിലേക്ക് ചേക്കേറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയർടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *