Your Image Description Your Image Description

 

കൽപറ്റ: ഏറെ കോളിളക്കമുണ്ടാക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ ഏകപ്രതിയായ അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതി യാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2021ലാണ് നെല്ലിയമ്പം കാവടത്ത് പത്മാലയത്തിൽ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്.

മോഷണശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. ഇതേ നാട്ടുകാരൻ തന്നെയാണ് അർജുൻ. 2021 ജൂൺ പത്തിന് രാത്രിയിലാണ് സംഭവം. മോഷണശ്രമത്തിനിടെ ഇരുവരെയും അർജുൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അർജുനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

ഇതിനിടെ കസ്റ്റഡിയിൽ വച്ച് അർജുൻ എലിവിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. എങ്കിലും അന്വേഷണത്തിനൊടുവിൽ അർജുൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കോടതി വിധിക്കുകയായിരുന്നു.

വധശിക്ഷയ്ക്ക് പുറമെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വയനാടിനെ തന്നെ ആകെ പിടിച്ചുലച്ച കേസായിരുന്നു ഇത്. പ്രധാന റോഡിൽ നിന്നൽപം മാറി ആളൊഴിഞ്ഞ ഭാഗത്തുള്ള ഇരുനില വീട്ടിലായിരുന്നു റിട്ട. അധ്യാപകൻ കേശവനും ഭാര്യ പത്മാവതിയും താമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചുകയറിയ അർജുൻ കേശവനെ ആക്രമിക്കുന്നത് കണ്ടതോടെ പത്മാവതി ഉച്ചത്തിൽ അലറുകയായിരുന്നു. ഇത് കേട്ട് അൽപം ദൂരെ ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ഓടിയെത്തുകയായിരുന്നു. ഇവരെത്തിയപ്പോൾ ഇരുവരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *