Your Image Description Your Image Description
Your Image Alt Text

 

കല്‍പറ്റ: ഇന്ന് രാവിലെയാണ് പനമരം നീര്‍വാരത്ത് കാപ്പിത്തോട്ടത്തില്‍ ഷോക്കടിച്ച് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജനവാസമേഖലയോട് ചേര്‍ന്നുള്ള കാപ്പിത്തോട്ടമാണിത്. ഇടുങ്ങിയ ഒരു തോട്ടം. അതിനാല്‍ തന്നെ ആനയുടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികള്‍ക്ക് ആദ്യം തന്നെ ജഡം സ്ഥലത്തുനിന്ന് മാറ്റേണ്ടതായി വന്നു. തീരെ ഇടമില്ലാത്തതിനാല്‍ തന്നെ അപകടം സംഭവിച്ചപ്പോള്‍ പോലും ആന താഴെ ഇരുന്ന് പോവുകയാണ് ചെയ്തത്. അങ്ങനെ തന്നെ മരണം സംഭവിക്കുകയും ചെയ്തു.

ജഡം അല്‍പദൂരം വലിച്ചുമാറ്റിയ ശേഷമാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്താൻ ശ്രമിച്ചത്. പ്രദേശത്തെ വൈദ്യുത ലൈനുകളെല്ലാം ഓഫ് ചെയ്ത ശേഷമാണ് ശ്രമകരമായ ദൗത്യം നടത്തിയത്. പലതവണ ക്രെയിനില്‍ കൊമ്പന്‍റെ ജഡമുയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. ഒടുവില്‍ ജഡം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനഞ്ഞു, നെഞ്ച് പിടച്ചു.

ഇത്രയും വലിയൊരു ജീവി, കാഴ്ചയ്ക്ക് ആരോഗ്യമുള്ള കൊമ്പൻ ജീവനറ്റ് ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന കാഴ്ച. പതിയെ ക്രെയിനുപയോഗിച്ച് തന്നെ കൊമ്പന്‍റെ ജഡം ലോറിയിലേക്ക് കയറ്റി. മഹ്സര്‍ പൂര്‍ത്തിയാക്കി, പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം കൊമ്പന്‍റെ ജഡം മുത്തങ്ങയിലെ ‘വള്‍ച്ചര്‍ റെസ്റ്റോറന്‍റ്’ അഥവാ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കഴുകന്മാര്‍ക്ക് ചത്ത ജീവികളുടെ ശരീരം ഭക്ഷണമായി നല്‍കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *