Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: വേനല്‍ കനക്കുന്നതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു. പനി മാത്രമല്ല ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നതാണ്.

ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പനി എത്രമാത്രം വ്യാപകമായിട്ടുണ്ടെന്നത് മനസിലാക്കാവുന്നതാണ്.

പനി ബാധിച്ച് ശരാശരി 250ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയെത്തിയത്. 821 പേര്‍ ആണ് അന്ന് മാത്രം പനി ബാധിച്ച് ആശുപത്രികളിലെത്തിയിരിക്കുന്നത്.

വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് നിലവില്‍ പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.
ഈഡിസ് കൊതുകകളില്‍ നിന്ന് പടരുന്ന ഡെങ്കിപ്പനി മഴക്കാല രോഗമാണെങ്കിലും, നിലവില്‍ പടരാനുള്ള കാരണം വ്യക്തമല്ല എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ചൂട് കൂടിയതോടെ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം. ജാഗ്രത ഇല്ലെങ്കില്‍ മഞ്ഞപ്പിത്തം ഇനിയും പടരാനുള്ള സാധ്യത കൂടുതലാണന്നും അധികൃതര്‍ അറിയിക്കുന്നു.

ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഇതിനകം രണ്ടുപേർ മരിച്ചു. രോഗലക്ഷണങ്ങള്‍ മന്‍സിലാക്കി കൃത്യമായി ചികിത്സിക്കുന്നത് രോഗങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ രോഗം വരാതെ ഇരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പ്രധാന മാര്‍ഗം.

Leave a Reply

Your email address will not be published. Required fields are marked *