Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകാനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫ് ആക്ഷേപം.

അതേസമയം വൈകീട്ട് കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.

കേരളം ഉറ്റുനോക്കുന്നൊരു മണ്ഡലമാണ് വടകര. ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടകരയില്‍ നടക്കുന്നത്. യുഡിഎഫിന് വേണ്ടി ഷാഫി പറമ്പില്‍ എല്‍ഡിഎഫിന് വേണ്ടി കെകെ ശൈലജ എന്നിവരാണ് മത്സരിക്കുന്നത്. ഇവര്‍ തമ്മില്‍ തന്നെയാണ് മത്സരം. പ്രഫുല്‍ കൃഷ്ണനാണ് എൻഡിഎയുടെ സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പിനിടെ പലവട്ടം ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന മണ്ഡലമാണ് വടകരയിലേത്. ആദ്യം യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി മാറ്റത്തിലൂടെ തന്നെ വടകര ശ്രദ്ധേയമായിരുന്നു. കെ മുരളീധരന് പകരം ഷാഫി പറമ്പില്‍ യുഡിഎഫിനായി കളത്തിലിറങ്ങിയതോടെ മത്സരം കൊഴുത്തതേയുള്ളൂ.

ഇതിന് ശേഷം പാനൂര്‍ സ്ഫോടനം, കെകെ ശൈലജയ്ക്കെതിരായ വീഡിയോ വിവാദം, ഷാഫിക്കെതിരായ സൈബര്‍ ആക്രമണം എന്നിങ്ങനെ പല വിഷയങ്ങളും വോട്ടെടുപ്പ് ദിനം വരെ വടകരയെ സജീവമാക്കി നിര്‍ത്തിയിരുന്നു.

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ ആരോപണം. അതേസമയം വടകരയില്‍ മാത്രമല്ല പലയിടങ്ങളിലും പോളിങ് വൈകിയെന്നും യുഡിഎഫിന് പരാജയഭീതിയാണെന്നുമായിരുന്നു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *