Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: സംസ്ഥാനത്തെ വീറുറ്റ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ചൂടുപകരുന്നതായിരുന്നു തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ പരസ്യപ്രചാരണത്തിൻറെ ക്ലൈമാക്സും. മൂന്ന് മുന്നണി സ്ഥാനാർഥികളും കൊട്ടിക്കലാശത്തിനായി മണിക്കൂറുകളാണ് പ്രവർത്തകർക്കൊപ്പം ചെലവിട്ടത്. പേരൂർക്കടയിലെ ആവേശത്തിമിർപ്പിലേക്ക് ആദ്യം വന്നിറങ്ങിയത് പന്ന്യൻ രവീന്ദ്രൻ. ചെങ്കൊടി ഉയർന്നുപറക്കുന്നതിനിടെയായിരുന്ന പന്ന്യൻ വന്നിറങ്ങിയത്. അതോടെ ബാൻഡ് മേളം മുറുകി, ചുവടുവച്ച് പ്രവർത്തകരൊന്നാകെ ആഘോഷമാക്കി.

പിന്നാലെ എത്തി സിറ്റിംഗ് എം പി ശശി തരൂർ. അച്ചു ഉമ്മനൊപ്പമായിരുന്നു തരൂർ എത്തിയത്. ഇരവരും ക്രെയിനിൽ കയറി ആകാശത്തേക്കുയർന്നതോടെ സ്ഥാനാർഥിക്ക് ആർപ്പുവിളിച്ച് പ്രവർത്തകരും ആവേശം ഗംഭീരമാക്കി. വൈകിയില്ല, പിന്നാലെയെത്തി എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരനും ഒ രാജഗോപാലുമടക്കമുള്ള ബി ജെ പി സംഘത്തിനൊപ്പമാണ് രാജീവ് എത്തിയത്. തയ്യാറാക്കി നിർത്തിയ ക്രെയിനിൽ എൻ ഡി എ സ്ഥാനാർഥിയും ഒപ്പമുള്ളവരും കയറിയതോടെ പ്രവർത്തകരും ആവേശത്തിലായി.

അവസാന മണിക്കൂറുകളിലും വിജയപ്രതീക്ഷയിൽ ആത്മവിശ്വാസമേറ്റുന്നതായിരുന്നു സ്ഥാനാർഥികളുടെ വാക്കുകൾ. മൂവരും വിജയ പ്രതീക്ഷ പങ്കുവച്ചു. മൂന്ന് മണിക്കൂറോളം നിറഞ്ഞാടിയ നിരത്തിൽ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ആവേശത്തിരയാക്കി. ഇടയ്ക്ക് ചില നേരിയ സംഘർഷങ്ങളും തലസ്ഥാനത്ത് കണ്ടു. മഴക്കാറ് മൂടിയ ആകാശത്ത് ചെറുവെടിക്കെട്ടോടെ പ്രചാരണപൂരം അവസാനിച്ചു. ചൂട് മാറ്റി മഴയും പെയ്തു. നനഞ്ഞുകൊണ്ടാണ് സ്ഥാനാർഥികൾ മടങ്ങിയത്. മൂവരും വലിയ വിജയ പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *