Your Image Description Your Image Description
Your Image Alt Text

 

 

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞു. തങ്ങൾക്കും ഇങ്ങനെയൊരു സുഹൃത്ത് വലയം ഉണ്ടായിരുന്നെങ്കിൽ എന്ന് ഏവരും കൊതിച്ചു. ആ തോന്നൽ കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. തമിഴ്നാട്ടിൽ മലയാളം വെർഷൻ തന്നെ ആയിരുന്നു റിലീസ് ചെയ്തത്. തങ്ങളുടെ സ്വന്തം പടം എന്ന നിലയിൽ ആയിരുന്നു അവർ മഞ്ഞുമ്മൽ ബോയ്സിനെ ആഘോഷിച്ചതും. ഇപ്പോഴിതാ ഏറെ നാളത്തെ തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്.

നാളെ അതായത് മെയ് 5ന് സിനിമ ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തുന്നതും. ഈ അവസരത്തിൽ സിനിമ നേടിയ കളക്ഷനും പുറത്തുവരികയാണ്.

എഴുപത്തി രണ്ട് ദിവസത്തെ കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. അതായത് ഇന്നലെ വരെയുള്ള കളക്ഷൻ. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 72.10 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത്. തമിഴ്നാട് 64.10 കോടി, കർണാടക 15.85 കോടി, എപി/ ടിജി 14.25 കോടി, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും 2.7 കോടി എന്നിങ്ങനെയാണ് നേടിയത്. ഇന്ത്യ മൊത്തമുള്ള കളക്ഷൻ 169കോടിയാണ്. ഓവർസീസിൽ 73.3 കോടിയും നേടി. അങ്ങനെ ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. ഇനി ഏത് സിനിമ ഈ റെക്കോർഡ് കളക്ഷൻ മറികടക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *