Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണ്, ഇടതിൻറെ മുഖ്യഎതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രണ്ടാംസ്ഥാനത്ത് വരും. ഒന്നാംസ്ഥാനത്ത് എൻഡിഎഫ് വരും. പ്രതാപം നഷ്ടപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാർത്ഥ്യമാണ് പന്ന്യൻ പറഞ്ഞത്. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങൾ എല്ലാം പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിൻറെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തിൽ കോൺഗ്രസുണ്ടെങ്കിൽ ബിജെപിക്ക് വേറെ ആളുകളെ വേണ്ട. യുഡിഎഫ്-ബിജെപി സഖ്യം എല്ലായിടത്തും പ്രകടമാണ്. വെണ്ണ ഉരുക്കി നെയ്യാക്കുന്നത് പോലെയാണ് കോൺഗ്രസ്. ബിജെപി ഒന്ന് കണ്ണുരുട്ടിയാൽ പോകുന്നതാണ് കോൺഗ്രസ് ശൈലി. മദ്യവും പണവും അളവറ്റതോതിൽ ഒഴുക്കിയാണ് ബിജെപിയും കോൺഗ്രസും വോട്ട് പിടിക്കുന്നത്. ഇടതുപക്ഷം ഇതൊന്നുമില്ലാതെ വോട്ട് തേടി. ഇത്തവണ മോദിക്ക് നമ്പർ തികയ്ക്കാൻ കഴിയില്ല. തൂക്കുസഭ വന്നാൽ എൻഡിഎയ്ക്ക് സാധ്യതയുണ്ടെങ്കിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയാകും.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മോദി ഭക്തനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തിയ ആളാണ് തരൂർ. തരൂർ മനസ് കൊണ്ട് ബിജെപിയാണ്. ലീഗ് റാലിയിൽ ഹമാസ് വിരുദ്ധ പരാമർശം നടത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്ത് വോട്ടർമാർ ഇടതിനൊപ്പമാണെന്നും ലത്തീൻ സഭ ഇടതിനെ എതിർക്കുന്നു എന്നത് ശരിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *