Your Image Description Your Image Description
Your Image Alt Text

 

തേക്കടി: അറ്റകുറ്റപ്പണികൾക്കായി ബോട്ടുകൾ കരക്ക് കയറ്റിയതോടെ പെരിയാർ കടുവ സങ്കേതത്തിലെ വനപാലകർ ജോലിസ്ഥലത്തെത്താൻ മതിയായ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. ഡിങ്കിയിലും ചങ്ങാടത്തിലും കയറാൻ പറ്റുന്നതിൽ കൂടുതൽ പേർ കയറി തേക്കടി തടാകത്തിലൂടെ അപകടകരമായ യാത്ര നടത്തിയാണ് പലപ്പോഴും സംഘം ഡ്യൂട്ടി സ്ഥലത്തെത്തുന്നത്.

പെരിയാർ കടുവ സങ്കേതത്തിൻറെ ഉൾഭാഗത്തുള്ള പെരിയാർ റേഞ്ചിൽ നാലു സെക്ഷനുകളാണുള്ളത്. ബുധനാഴ്ച തോറും 25 ഓളം പേരെയാണ് ഇവിടങ്ങളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. മുപ്പതിലധികം പേർക്ക് സഞ്ചരിക്കാവുന്ന വനം വകുപ്പിൻറെ രണ്ടു ബോട്ടുകളിലാണ് മുൻപ് ഇവരെ എത്തിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് ഈ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി കരക്കു കയറ്റി. യഥാസമയം ഫണ്ടനുവദിക്കാത്തതിനാൽ പണികൾ മുടങ്ങി. ഒരു ബോട്ടിന് അടുത്തയിടെ 16 ലക്ഷം രൂപ അനുവദിച്ച് പണികൾ തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ബോട്ട് നന്നാക്കാനും ഈ തുക വേണം. ഇതിനുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് മാസങ്ങളായി.

നിലവിൽ തേക്കടിയിൽ നിന്നും ജീപ്പിലാണ് ജീവനക്കാരെ സീനിയറോട, മുല്ലക്കുടി എന്നിവിടങ്ങളിലെത്തിക്കുന്നത്. ഇവിടെ നിന്നുമാണ് ജലാശയത്തിലൂടെ ഡിങ്കിയിലുള്ള അപകടകരമായ യാത്ര. അഞ്ചു പേർക്ക് കയറാൻ കഴിയുന്ന ഡിങ്കിയിൽ പത്തിലധികം പേരാണ് തിങ്ങി നിറഞ്ഞ് സഞ്ചരിക്കുന്നത്. ലൈഫ് ജാക്കറ്റുകളുമില്ല.

ചിലപ്പോൾ മീൻ പിടിക്കാൻ എത്തുന്ന ആദിവാസികളുടെ ചങ്ങാടമാണ് ആശ്രയം. ഡിങ്കിയിൽ എത്താൻ പറ്റുന്ന സ്ഥലത്തു നിന്നും കിലോമീറ്റുകൾ നടന്നാണ് ഡ്യൂട്ടി സ്ഥലത്തെത്തേണ്ടത്. സംഭവം സംബന്ധിച്ച് വനം വകുപ്പ് ജീവനക്കാരുടെ സംഘടനകൾ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി വൈകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *