Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഡൽഹിയേയും നോയിഡയെയും വിറപ്പിച്ച ആക്രി മാഫിയ തലവൻ രവി കാനയെയും കാമുകി കാജൽ ഝായെയും തായ്‌ലൻഡിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള രവി കാന ഒന്നിലധികം കേസുകളിൽ നോയിഡ പൊലീസ് തിരയുന്ന ക്രിമിനലാണ്. കാനയെ വിട്ടുകിട്ടാൻ നോയിഡ പൊലീസ് തായ്‌ലൻഡ് പൊലീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കാനയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അവർക്ക് നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ജനുവരിയിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജനുവരി 2 ന് ഗ്രേറ്റർ നോയിഡയിൽ പൊലീസ് കേസെടുത്തതിനെത്തുടർന്നാണ് ഇയാൾ നാടുവിട്ടത്. റീബാർ, സ്ക്രാപ്പ് മെറ്റീരിയലുകൾ എന്നിവയുടെ അനധികൃത സംഭരണത്തിലും വിൽപനയിലും ഉൾപ്പെട്ട 16 അംഗ സംഘത്തിന്റെ തലവനായിരുന്നു രവീന്ദ്ര നഗർ എന്നറിയപ്പെടുന്ന രവി കാന. സ്‌ക്രാപ്പ് ഡീലറായിരുന്ന കാന ദില്ലി-എൻസിആർ മേഖലയിലെ ബിസിനസുകൾ പിടിച്ചെടുത്ത ശേഷം സ്‌ക്രാപ്പ് മെറ്റീരിയലുകൾ അനധികൃതമായി സ്വന്തമാക്കാനും വിൽക്കാനും ​ഗ്യാങ് രൂപീകരിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 11-ലധികം കേസുകൾ ഗുണ്ടാസംഘത്തിനും കൂട്ടാളികൾക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഘത്തിലെ ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രേറ്റർ നോയിഡയിലുടനീളം സംഘം ഉപയോഗിച്ചിരുന്ന നിരവധി സ്ക്രാപ്പ് ഗോഡൗണുകൾ സീൽ ചെയ്തിട്ടുണ്ട്. കാനയുടെയും കൂട്ടാളികളുടെയും 120 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയതായി നോയിഡ പോലീസ് അടുത്തിടെ പറഞ്ഞിരുന്നു. കാമുകിയായ കാജൽ ഝായ്ക്ക് സമ്മാനമായി നൽകിയ 100 കോടി രൂപയുടെ സൗത്ത് ദില്ലിയിലെ ബംഗ്ലാവും നോയിഡ പൊലീസ് സീൽ ചെയ്തിരുന്നു.

ജോലി തേടിയാണ് കാജൽ ഝാ ഗുണ്ടാസംഘത്തെ സമീപിച്ചത്. താമസിയാതെ അവൻ്റെ സംഘത്തിൽ ചേരുകയും ഏറ്റവും പ്രധാനപ്പെട്ട അംഗമായി മാറുകയും ചെയ്തു. അവൻ്റെ എല്ലാ ബിനാമി സ്വത്തുക്കളുടെയും കണക്കുകൾ കൈകാര്യം ചെയ്യാനുള്ള ചുമതലയായിരുമ്മു കാജലിന്.

Leave a Reply

Your email address will not be published. Required fields are marked *