Your Image Description Your Image Description
Your Image Alt Text

 

മാന്നാർ: പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ.
മാന്നാർ കുട്ടമ്പേരൂർ സാറാമ്മ ലാലു (മോളി), മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഉഷ ഗോപാലകൃഷ്ണൻ എന്നിവരെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പിനിരയായി മനംനൊന്ത് ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ഉൾപ്പടെ പലരിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ കയ്യിൽ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുൻപ് തന്നെ ഇതുമായി ബന്ധപെട്ട് മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണ ചുമതല വീയപുരം പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വീയപുരം പൊലീസ് ഇൻസ്പെക്ടർ ധർമ്മജിത്തിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, പ്രതാപചന്ദ്രമേനോൻ, സിവിൽ പൊലീസ് ഓഫീസർ നിസാറുദ്ദീൻ, വനിതാ എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *