Your Image Description Your Image Description
Your Image Alt Text

 

ബംഗളൂരു: ഒഴിഞ്ഞ പാത്രത്തിന്റെ ചിത്രവുമായി കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന കോൺഗ്രസിന്റെ പത്ര പരസ്യത്തെ ചൊല്ലി കർണാടകയിൽ ഭരണ-പ്രതിപക്ഷ പോര്. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ സംസ്ഥാനത്തിന് ഒന്നും നൽകുന്നില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു കോൺഗ്രസ് പരസ്യം. എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിൽ ഈ പരസ്യമുള്ള പത്രം പിടിച്ചിരിക്കുന്ന ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെയും തൊട്ടടുത്തിരിക്കുന്ന മോദിയുടെയും ചിത്രം കോൺഗ്രസ് സമൂഹ മാധ്യമങ്ങളിലൂടെ പരിഹാസത്തിന് ഉപയോഗിക്കുകയായിരുന്നു.

‘ശ്രീ ദേവഗൗഡ കലാസൃഷ്ടി അതിന്റെ കലാകാരനെ കാണിക്കുന്നു’ എന്നായിരുന്നു ചിത്രം എഡിറ്റ് ചെയ്ത് എക്സിൽ പങ്കുവെച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കുറിച്ചത്. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും രംഗത്തെത്തി. ‘കാവ്യനീതി’ എന്ന കുറിപ്പോടെയായിരുന്നു ഡി.കെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

എന്നാൽ, ഇതിന് മറുപടിയുമായി വൈകാതെ ബി.ജെ.പി സംസ്ഥാന ഘടകവും രംഗത്തെത്തി. സിദ്ധരാമയ്യയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് ബി.ജെ.പി എക്സിൽ മറുപടിക്കുപയോഗിച്ചത്. 2013ൽ ഒഴിഞ്ഞ പാത്രവുമായി കാട് തേടിപ്പോകുന്ന ചിത്രമാ​ണ് ആദ്യത്തേതെങ്കിൽ രണ്ടാമത്തേതിൽ 2023ൽ ശുചിമുറിയിലേക്ക് നടന്നുപോകുന്ന ചിത്രമാണ് ‘വ്യത്യാസം വളരെ വ്യക്തമാണ്’ എന്ന കുറിപ്പോടെ നൽകിയിരിക്കുന്നത്. ‘മോദി കി ഗ്യാരണ്ടി’ എന്ന ഹാഷ്ടാഗോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

2013 മുതൽ 2018 വരെ കർണാടകയിൽ മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേന്ദ്ര സർക്കാറിന്റെ കർണാടകയോടുള്ള അവഗണനക്കെതിരെ ശനിയാഴ്ച ബംഗളൂരുവിൽ ഒഴിഞ്ഞ പാത്രവുമായി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും പങ്കാളിയായിരുന്നു. ഏപ്രിൽ 26, മേയ് 7 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *