Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: നാഗാലാൻഡിലെ ഏക ലോക്‌സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറു ജില്ലകളിൽ ഒറ്റയാൾ പോലും വോട്ട് ചെയ്തില്ല. ആറ് ജില്ലകളെയും ഒരുമിപ്പിച്ച് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെത്തുടർന്ന് ആളുകൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ആറ് ജില്ലകളിലെ 738 പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നാഗാലാൻഡ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ അവ ലോറിംഗ് പറഞ്ഞു.

ആറ് ജില്ലകളിലായി നാല് ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആഹ്വാനത്തോട് ഐക്യദാർഢ്യപ്പെടുകയും പോളിംഗ് ദിവസം വീടിനുള്ളിൽ തന്നെ കഴിയുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണി വരെ ആറ് ജില്ലകളിലും പോളിങ് രേഖപ്പെടുത്തിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിന് പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

60 അംഗ നാഗാലാൻഡ് നിയമസഭയിൽ ഈ മേഖലയിൽ 20 സീറ്റുകളാണുള്ളത്. നാഗാലാൻഡിലെ ഏഴ് ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി, ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്ന് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *