Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. 1625 സ്ഥാനാർഥികൾ ജനവിധി തേടുമ്പോൾ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്. ആദ്യഘട്ട ലോക്‌സഭ ഇലക്ഷനിൽ മത്സരിക്കുന്ന പ്രമുഖർ ആരൊക്കെയാണ് എന്ന് നോക്കാം.

പതിനെട്ടാം ലോക്‌സഭയിലേക്ക് ഇന്ന് ജനവിധി തേടുന്നവരിൽ ഒട്ടേറെ പ്രമുഖരുണ്ട്. നാഗ്‌പൂരിൽ നിന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും അരുണാചൽ വെസ്റ്റിൽ നിന്ന് കിരൺ റിജിജുവും മത്സരിക്കുന്നു. നാഗ്‌പൂരിൽ നിന്ന് ഹാട്രിക് ജയമാണ് ഗഡ്‌കരി ലക്ഷ്യമിടുന്നത്. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂരും ഡിഎംകെയുടെ കനിമൊഴി പോരാടുന്ന തൂത്തുക്കുടിയും ശ്രദ്ധാകേന്ദ്രങ്ങളാണ്. അണ്ണാമലൈയിലൂടെ കോയമ്പത്തൂർ ബിജെപി തിരിച്ചുപിടിക്കുമോ എന്നതാണ് ആകാംക്ഷ. തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്റ്റൻറ് ഗവർണറുമായിരുന്ന തമിലിസായ് സുന്ദരരാജൻ ബിജെപി ടിക്കറ്റിൽ ചെന്നൈ സൗത്ത് സീറ്റിൽ നിന്ന് മത്സരിക്കുന്നു. കാർത്തി ചിദംബരം (ശിവഗംഗ), ദയാനിധി മാരൻ (ചെന്നൈ സെൻട്രൽ), നകുൽ നാഥ് (ചിന്ദ്‌വാര) തുടങ്ങിയ പ്രമുഖരും ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കളത്തിലുണ്ട്.

ഇന്ന് വിധിയെഴുത്ത് നടക്കുന്ന 102 മണ്ഡലങ്ങളിൽ 51 എണ്ണം എൻഡിഎയുടെ സിറ്റിംഗ് സീറ്റുകളാണ്. 48 എണ്ണം ഇന്ത്യാ സഖ്യത്തിൻറെ കൈയിലും. നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇരു പക്ഷവും ആദ്യഘട്ട തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിലാണ് ഇന്ത്യാ മുന്നണിയുടെ പ്രധാന പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *