Your Image Description Your Image Description
Your Image Alt Text

ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റപലിശവരുമാനത്തിനൊപ്പം മികച്ച ആസ്തി ഗുണമേന്മയും

കൊച്ചി: 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയർന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയർന്ന വളർച്ചയോടെ 2195.11 കോടി രൂപയിലെത്തി.

”ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്കായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ പുതിയ ബെഞ്ച്മാർക്കുകൾ സെറ്റ് ചെയ്യാൻ സാധിച്ച മികച്ചൊരു സാമ്പത്തികവർഷമാണ് കടന്നുപോയത്,” ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ശാഖകളുടെ എണ്ണത്തിലുണ്ടായ 10 ശതമാനം വർദ്ധനവ് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബാങ്കിന്റെ സാന്നിധ്യം ഉറപ്പാക്കി. ശാഖകൾ തുറക്കുന്നതിനൊപ്പം തന്നെ സാങ്കേതിക, ഡിജിറ്റൽ മേഖലകളിൽ നടത്തുന്ന നിക്ഷേപം 15000 ത്തിലധികം പിൻകോഡുകളിലെ ഇടപാടുകാരിലേക്ക് എത്താൻ ബാങ്കിനെ സഹായിക്കുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് നടപ്പു സാമ്പത്തിക വർഷത്തെ ബാങ്ക് കാണുന്നത്. മികച്ച ബാങ്കിങ്ങ് ഉത്പന്നങ്ങൾ അവതരിപ്പിച്ച് ഇടപാടുകാരുടെ ‘ഫസ്റ്റ് ചോയ്‌സ്’ ബാങ്കായി ബ്രാൻഡ് ഫെഡറലിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശ്യാം ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

അറ്റാദായത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. 906.30 കോടി രൂപയാണ് അറ്റാദായം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.11 ശതമാനം വർധിച്ച് 461937.36 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 213386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വർദ്ധനവോടെ 252534.02 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുൻ വർഷത്തെ 174446.89 കോടി രൂപയിൽ നിന്ന് 209403.34 കോടി രൂപയായി വർധിച്ചു. 20.04 ശതമാനമാണ് വളർച്ചാനിരക്ക്. റീട്ടെയൽ വായ്പകൾ 20.07 ശതമാനം വർധിച്ച് 67435.34 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകൾ 26.63 ശതമാനം വർധിച്ച് 21486.65 കോടി രൂപയിലും കോർപറേറ്റ് വായ്പകൾ 11.97 ശതമാനം വർധിച്ച് 73596.09 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകൾ 21.13 ശതമാനം വർദ്ധിച്ച് 17072.58 കോടി രൂപയിലുമെത്തി. സ്വർണവായ്പകൾ 27.14 ശതമാനം വളർച്ചയോടെ 25000 കോടി രൂപയെന്ന നാഴികക്കല്ലു കടന്നു.

അറ്റപലിശ വരുമാനം 14.97 ശതമാനം വർധനയോടെ 2195.11 കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റപലിശ വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1909.29 കോടി രൂപയായിരുന്നു. 4528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.13 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1255.33 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 29089.41 കോടി രൂപയായി വർധിച്ചു. 16.13 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1500ലധികം ശാഖകളും 2013 എടിഎമ്മുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *