Your Image Description Your Image Description
Your Image Alt Text

വെസ്റ്റ് കമെംഗ്: വളരെ സങ്കീർണമായ ഭൂമിശാസ്ത്രഘടനയുള്ള രാജ്യമാണ് എന്നതിനാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കുക തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എത്രത്തോളം കഠിനമായ ജോലിയാണ് തെരഞ്ഞെടുപ്പ് ഓഫീസർമാർ ചെയ്യുന്നത് എന്ന് മനസിലാക്കാൻ ഒരൊറ്റ വീഡിയോ കണ്ടാൽ മതി.

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നൊപ്പം നിയമസഭ ഇലക്ഷനും നടക്കുന്ന അരുണാചൽ പ്രദേശിൽ 22 കിലോമീറ്ററോളം ദൂരം കാൽനടയായി ചെന്ന് പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ. അരുണാൽ പ്രദേശിലെ വെസ്റ്റ് കമെംഗ് ജില്ലയിലെ ബോംഡില നിയമസഭ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലേക്കാണ് ഉദ്യോഗസ്ഥർ ഇത്രത്തോളം ദൂരം നടന്ന് എത്തിച്ചേർന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികൾ കുതിരയുടെ പുറത്ത് വച്ചുകെട്ടി ബൂത്തിൽ എത്തിച്ചു. ഇവർക്കൊപ്പം ഉദ്യോഗസ്ഥരും ബൂത്തിലേക്ക് തളർച്ചയില്ലാതെ നടന്നു.

തെരഞ്ഞെടുപ്പ് ദൗത്യം പൂർത്തീകരിക്കാനുള്ള ഉദ്യോഗസ്ഥരുടെ ഈ കഠിന പരിശ്രമത്തിൻറെ വീഡിയോ അരുണാചൽ പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഇന്നാണ് അരുണാചലിൽ നിയമസഭ ഇലക്ഷൻ നടക്കുന്നത്. 60 നിയമസഭ മണ്ഡലങ്ങളും രണ്ട് ലോക്‌സഭ സീറ്റുകളുമാണ് അരുണാചൽ പ്രദേശിലുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടത്തിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. 1625 സ്ഥാനാർഥികൾ ജനവിധി തേടുമ്പോൾ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്. തമിഴ്നാട്ടിൽ ആകെ 950 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *